വിസി നിയമന വിവാദം; കണ്ണൂരില്‍ മുഖ്യമന്ത്രിക്കെതിരേ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം (വീഡിയോ)
കണ്ണൂര്‍: സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമന വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരേ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. മുഖ്യമന്ത്രി കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പോവുമ്പോഴായിരുന്നു പ്രതിഷേധം. സിപിഎം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ മൂന്ന് ദിവസമായി മുഖ്യമന്ത്രി കണ്ണൂരിലുണ്ടായിരുന്നു. ഇന്ന് എറണാകുളത്തേക്ക് മടങ്ങാന്‍ കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പോവുന്നതിനിടെ മമ്പറത്തുവച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്.
സുധീപ് ജയിംസ്, കമല്‍ജിത്ത്, വിനീഷ് ചുള്യാന്‍, പ്രിനില്‍ മതുക്കോത്ത്, റിജിന്‍ രാജ്, മുഹ്‌സിന്‍ കീഴ്ത്തള്ളി, ഇമ്രാന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മുഖ്യമന്ത്രിക്ക് അകമ്പടിയായി പോലിസുണ്ടായിരുന്നെങ്കിലും വാഹനം നിര്‍ത്തുകയോ അരെയെങ്കിലും കസ്റ്റഡിയിലെടുക്കുകയോ ചെയ്തിട്ടില്ല. കണ്ണൂര്‍ യൂനിവേഴ്‌സിറ്റി വിസിക്ക് പുനര്‍നിയമനം നല്‍കാനുളള സര്‍ക്കാര്‍ തീരുമാനത്തിനെതിരേയായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. പുനര്‍നിയമനം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ഗവര്‍ണര്‍ പരസ്യമായി രംഗത്തുവന്നതോടെയാണ് വിഷയം വിവാദമായത്. ഇതോടെ പ്രതിപക്ഷം സര്‍ക്കാരിനെതിരേ ഇത് രാഷ്ട്രീയ ആയുധമാക്കുകയും ചെയ്തു.