വിമാനത്തില്‍ ഹൃദയാഘാതം അനുഭവപ്പെട്ട കാസര്‍കോഡ് സ്വദേശി ആശുപത്രിയില്‍ മരിച്ചു

കാസര്‍കോഡ് ചെട്ടുംകുഴി സ്വദേശി അലിക്കോയയാണ് മസ്‌ക്കത്ത് റോയല്‍ ആശുപത്രിയില്‍ മരിച്ചത്.

Update: 2019-09-23 04:31 GMT

മസ്‌കത്ത്: വിമാനത്തില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാസര്‍കോഡ് സ്വദേശി മരിച്ചു. കാസര്‍കോഡ് ചെട്ടുംകുഴി സ്വദേശി അലിക്കോയ(65)യാണ് മസ്‌ക്കത്ത് റോയല്‍ ആശുപത്രിയില്‍ മരിച്ചത്.

ഞായറാഴ്ച വൈകീട്ട് മംഗളൂരുവില്‍നിന്ന് ദോഹയിലേക്ക് വരികയായിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിലാണ് അലിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വിമാനം പറന്നുയര്‍ന്ന് ഒരുമണിക്കൂര്‍ കഴിഞ്ഞപ്പോഴായിരുന്നു സംഭവം. ആദ്യം ഛര്‍ദിക്കുകയും പിന്നീട് ബോധം നഷ്ടപ്പെടുകയുമായിരുന്നു. സഹയാത്രക്കാരും വിമാന ജീവനക്കാരും പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയെങ്കിലും നില വഷളായി.

വിമാനത്തില്‍ യാത്രക്കാരനായിരുന്ന ഡോക്ടര്‍ ഇദ്ദേഹത്തെ പരിശോധിച്ചപ്പോള്‍ ആരോഗ്യനില മോശമാണെന്ന് വ്യക്തമായി. തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. മസ്‌കത്തില്‍ വിമാനമിറക്കിയ ഉടനെ ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പ്രാഥമിക പരിശോധനയില്‍ ഹൃദയാഘാതം സംഭവിച്ചതായി വ്യക്തമായി. ഇന്ന്ു പുലര്‍ച്ചെയോടെയാണ് മരിച്ചത്.

ഭാര്യ: ഹലീമ. മക്കള്‍: അമീറ, ഹസീറ, ബാദ്ഷ. ആറ് മാസം നാട്ടില്‍ നിന്ന ശേഷം വിസ കാന്‍സല്‍ ചെയ്യാന്‍ വേണ്ടി ഖത്തറിലേക്കു മടങ്ങവേയായിരുന്നു മരണം. മകന്‍ ബാദ്ഷ ഖത്തറിലാണ്.

Tags:    

Similar News