കാഞ്ഞങ്ങാട് കെഎസ്ആര്‍ടിസി ബസ്സും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്
കാസര്‍കോട്: കാഞ്ഞങ്ങാട് കെഎസ്ആര്‍ടിസി ബസ്സും ഇന്നോവ കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാറിലുണ്ടായിരുന്ന കുമ്പള ബന്നംകുളം സ്വദേശി അലി (38) ആണ് മരിച്ചത്. ഗുരുതരാവസ്ഥയില്‍ രണ്ടുപേരെ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇതിലൊരാള്‍ കുമ്പള കൊടിയമ്മയിലെ സിദ്ദീഖ് (32) ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കാഞ്ഞങ്ങാട് സൗത്ത് എന്‍ഫീല്‍ഡ് ഷോറൂമിന് സമീപം ദേശീയ പാതയില്‍ തിങ്കളാഴ്ച രാത്രി 8.30 ഓടെയാണ് അപകടം.
കാസര്‍കോട് ഭാഗത്തുനിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു കാറും നീലേശ്വരം ഭാഗത്തുനിന്നും കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന ബസ്സുമാണ് കൂട്ടിയിടിച്ചത്. കൂട്ടിയിടിയില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ബസ്സിന്റെ മുന്‍ഭാഗവും ഭാഗികമായി തകര്‍ന്നിട്ടുണ്ട്.
ബസ്സിലുണ്ടായിരുന്ന എതാനും പേരെ പരിക്കുകളോടെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടവിവരമറിഞ്ഞ് ഫയര്‍ഫോഴ്സും പോലിസും നാട്ടുകാരും ചേര്‍ന്നാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഒരുമണിക്കൂറിലേറെ ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു.