മദ്യത്തിന് പകരം സാനിറ്റൈസര്‍ കുടിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ അവശനിലയില്‍
ചൊവ്വാഴ്ച രാത്രിയാണ് ഷിബുവിനെ താമസസ്ഥലത്ത് അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ ജനറല്‍ ആശുപത്രിയിലെത്തിക്കുകയും ഇവിടെ നിന്നും പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയുമായിരുന്നു.
കാസര്‍കോഡ്: സാനിറ്റൈസര്‍ കുടിച്ച് അവശനിലയില്‍ കണ്ടെത്തിയ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍കോഡ് ഡിപ്പോയിലെ കെഎസ്ആര്‍ടിസി ഡ്രൈവറും തിരുവനന്തപുരം സ്വദേശിയുമായ ഷിബുവിനെ (46)യാണ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ചൊവ്വാഴ്ച രാത്രിയാണ് ഷിബുവിനെ താമസസ്ഥലത്ത് അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ ജനറല്‍ ആശുപത്രിയിലെത്തിക്കുകയും ഇവിടെ നിന്നും പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയുമായിരുന്നു. നേരത്തെ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നതായി പറയുന്നു.
ആറുമാസം മുമ്പാണ് ഷിബു കണ്ണൂരില്‍ നിന്ന് സ്ഥലം മാറ്റം ലഭിച്ച് കാസര്‍കോട് ഡിപ്പോയില്‍ എത്തിയത്. ലോക്ക് ഡൗണ്‍ ആയതിനാല്‍ ജോലി തുടരാനായില്ല. അതിന് ശേഷം കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടെത്തുന്നത്. ജീവനക്കാര്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഡിപ്പോ അടച്ചിട്ടത് ഇയാള്‍ അറിഞ്ഞിരുന്നില്ല. ഡിപ്പോയുടെ ഗേറ്റ് പൂട്ടിയത് കണ്ട് അസ്വസ്ഥനായ ഇയാള്‍ മദ്യത്തിന് പകരം സാനിറ്റൈസര്‍ കഴിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ഡോക്ടറോട് ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. മദ്യപാനത്തെ തുടര്‍ന്നാണ് ഡ്രൈവര്‍ക്ക് കാസര്‍കോട്ടേക്ക് സ്ഥലം മാറ്റം ലഭിച്ചതെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നത്.