കാസര്‍കോട്: ബാറില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ ആളെ പിടികൂടാനെത്തിയ പോലിസിന് നേരേ അക്രമം. നുള്ളിപ്പാടിയില്‍ ദേശീയ പാതയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന ബാര്‍ ഹോട്ടലില്‍ സന്ധ്യയോടെയാണ് സംഭവം. എസ്‌ഐ ഉള്‍പ്പെടെ നാല് പോലിസുകാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ബാറിലുണ്ടിരുന്ന ബദ്രിയ സ്വദേശി മുനീര്‍ എന്ന മുന്നയാണ് പോലിസിനെ ആക്രമിച്ചത്.
മദ്യപിച്ച് ഒരാള്‍ അക്രമം നടത്തുന്നുവെന്ന് ബാര്‍ അധികൃതര്‍ പോലിസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫ്‌ളൈയിങ് സ്‌ക്വാഡിലുണ്ടായിരുന്ന കോണ്‍സ്റ്റബിളും ഡ്രൈവറും കൂടി ബാറില്‍ പരിശോധനയ്‌ക്കെത്തിയപ്പോഴാണ് ഇയാള്‍ അക്രമാസക്തനായത്. ഇയാള്‍ വീണ്ടും ബഹളം വച്ചതിനേ തുടര്‍ന്ന് ടൗണ്‍ എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇവിടെയെത്തി. അതിനിടെ ബാറില്‍നിന്ന് പുറത്തുകടന്ന ഇയാള്‍ റോഡരികില്‍ നിര്‍ത്തിയിട്ട ഒരു കാറിന്റെ വൈപ്പര്‍ അഴിച്ചെടുത്ത് പോലിസിനെ ആക്രമിച്ചു.
ഇതിലാണ് ടൗണ്‍ എസ്‌ഐ വിഷ്ണുപ്രസാദിന്റെ നെറ്റിക്ക് പരിക്കേറ്റത്. മറ്റ് മൂന്ന് പോലിസുകാര്‍ക്കും പരിക്കുണ്ട്. നാല് പേരെയും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമം നടത്തിയ മുന്നയെ പോലിസ് ബലപ്രയോഗത്തിലൂടെ കീഴടക്കി അറസ്റ്റ് ചെയ്തു. കാസര്‍കോട് ജില്ലയിലെ വിവിധ പോലിസ് സ്‌റ്റേഷനുകളിലായി പത്തോളം കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പോലിസ് പറഞ്ഞു.