നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണം: പോലിസുകാര്‍ക്കെതിരേ മനപ്പൂര്‍വമായ നരഹത്യയ്ക്ക് കേസെടുക്കണം- എസ് ഡിപിഐ

നെയ്യാറ്റിന്‍കരയില്‍ മരണപ്പെട്ട ദമ്പതികളുടെ വീട് എസ് ഡിപിഐ തിരുവനന്തപുരം ജില്ലാ നേതൃത്വം സന്ദര്‍ശിച്ചു. എസ് ഡിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ശബീര്‍ ആസാദ്, ജില്ലാ ട്രഷറര്‍ ജലീല്‍ കരമന, നെയ്യാറ്റിന്‍കര മണ്ഡലം പ്രസിഡന്റ് സബീര്‍, മണ്ഡലം സെക്രട്ടറി സുനീര്‍ഖാന്‍ എന്നിവരാണ് രാജന്റെ വീട്ടിലെത്തി മക്കള്‍ക്കും കുടുംബത്തിനും ഐക്യദാര്‍ഢ്യം അറിയിച്ചത്.

Update: 2020-12-30 19:11 GMT

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ മരണപ്പെട്ട ദമ്പതികളുടെ വീട് എസ് ഡിപിഐ തിരുവനന്തപുരം ജില്ലാ നേതൃത്വം സന്ദര്‍ശിച്ചു. പോലിസിന്റെ നേതൃത്വത്തില്‍ കുടിയൊഴിപ്പിക്കുന്നതിനിടയില്‍ തീപ്പിടിച്ച് മരണപ്പെട്ട നെയ്യാറ്റിന്‍കര അതിയന്നൂര്‍ നെടുന്തോട്ടം ലക്ഷം വീട് കോളനിയില്‍ രാജന്‍ (42), അമ്പിളി (36) എന്നിവരുടെ വീട്ടിലാണ് നേതാക്കള്‍ സന്ദര്‍ശനം നടത്തി മക്കളെ ആശ്വസിപ്പിച്ചത്. മാതാപിതാക്കള്‍ മരണപ്പെട്ടതോടെ അനാഥരാക്കപ്പെട്ട മക്കള്‍ക്ക് എല്ലാ സഹായവും പാര്‍ട്ടി നേതാക്കള്‍ ഉറപ്പുനല്‍കി.

എസ് ഡിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ശബീര്‍ ആസാദ്, ജില്ലാ ട്രഷറര്‍ ജലീല്‍ കരമന, നെയ്യാറ്റിന്‍കര മണ്ഡലം പ്രസിഡന്റ് സബീര്‍, മണ്ഡലം സെക്രട്ടറി സുനീര്‍ഖാന്‍ എന്നിവരാണ് രാജന്റെ വീട്ടിലെത്തി മക്കള്‍ക്കും കുടുംബത്തിനും ഐക്യദാര്‍ഢ്യം അറിയിച്ചത്. സംഭവത്തില്‍ കുറ്റക്കാരായ പോലിസുകാര്‍ക്കെതിരേ മനപ്പൂര്‍വമായ നരഹത്യയ്ക്ക് കേസെടുക്കണമെന്ന് ജില്ലാ സെക്രട്ടറി ശബീര്‍ ആസാദ് ആവശ്യപ്പെട്ടു. രണ്ട് കുട്ടികളാണ് അനാഥരായത്.

നഷ്ടപ്പെട്ടത് ഒരിക്കലും തിരിച്ചുകിട്ടില്ല. പക്ഷേ, അവര്‍ക്ക് നീതി കിട്ടണം. നരഹത്യയാണ് നടന്നിരിക്കുന്നത്. ഇത് കേരളസമൂഹത്തില്‍ ഒരിക്കലും നടക്കാന്‍ പാടില്ലാത്തതാണ്. വിഷയത്തില്‍ മൂന്നുമാസം മുമ്പ് നാട്ടുകാര്‍ മുഴുവന്‍ ചേര്‍ന്ന് പോലിസുകാര്‍ക്ക് ഭീമഹരജി നല്‍കിയിരുന്നു. ജനങ്ങളുടെ മുഴുവന്‍ വികാരമാണ് അതില്‍ പ്രതിഫലിച്ചത്. എന്നാല്‍, അതിനോട് പോലും പോലിസ് പുറംതിരിഞ്ഞുനിന്നാണ് ഏകപക്ഷീയ നടപടി സ്വീകരിച്ചത്. മരണത്തിലേക്ക് തള്ളിവിടാനുള്ള പ്രധാന കാരണം പോലിസുകാരുടെ ഇടപെടലാണ്.

ആഭ്യന്തരവകുപ്പ് തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത്. ഇക്കാര്യത്തില്‍ പാര്‍ട്ടി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും ഏത് ആവശ്യത്തിനും പാര്‍ട്ടി കൂടെയുണ്ടാവുമെന്നും കുടുംബത്തിന് ഉറപ്പുനല്‍കി. കുടിയൊഴിപ്പിക്കുന്നതിനായെത്തിയ പോലിസുകാരുടെ ക്രൂരത രാജന്റെ മക്കള്‍ എസ് ഡിപിഐ നേതാക്കളോട് വിശദീകരിച്ചു. സമയം നീട്ടിക്കൊണ്ടുപോവുന്നതിനായാണ് അങ്ങനെ ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ചതെന്നും പോലിസുകാരുടെ ഇടപെടലാണ് ഇത്തരമൊരു സംഭവത്തിന് കാരണമായതെന്നും മക്കള്‍ പറഞ്ഞു. അച്ഛന്‍ അങ്ങനെ ചെയ്യുന്നയാളല്ല.

പോലിസുകാര്‍ അവരുടെ താല്‍പര്യത്തിന് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. എന്തുകേസ് വന്നാലും അവര്‍ വാദിച്ചുകൊള്ളാമെന്നാണ് പരാതിക്കാരിയായ സ്ത്രീ പറഞ്ഞത്. അരമണിക്കൂര്‍ സമയം മാത്രമാണ് അച്ഛന്‍ ചോദിച്ചത്. ഭക്ഷണം കഴിച്ചിട്ട് ഇറങ്ങാമെന്നും പറഞ്ഞു. അതിനുപോലും സമ്മതിച്ചില്ല. ഭക്ഷണത്തിന് മുന്നില്‍നിന്ന് ഷര്‍ട്ടില്‍ പിടിച്ച് പോലിസ് വലിച്ചുകൊണ്ടുപോയി. മുമ്പും പോലിസ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

പരാതിക്കാരിയായ സ്ത്രീ കേസ് കൊടുത്താല്‍ ഉടന്‍ പോലിസ് വരും. നമ്മള്‍ വിളിച്ചാല്‍വരില്ല. സംഭവം നടക്കുമ്പോള്‍ നാട്ടുകാരെ ആരെയും പോലിസ് അകത്തുകയറ്റിവിട്ടില്ല. പോലിസ് വീടിന് മുന്നില്‍ കയറിനിന്നുവെന്നും മക്കള്‍ പറയുന്നു. പിന്നെയാണ് അച്ഛനെ അടക്കംചെയ്യാന്‍ ഞാന്‍ കുഴിവെട്ടിയതെന്ന് രാജന്റെ ഇളയ മകന്‍ പറഞ്ഞു. എന്നാല്‍, പോലിസ് വെട്ടരുതെന്ന് പറഞ്ഞു. എന്നിട്ടും ഞാന്‍ വെട്ടി. പിന്നെ എന്നെ പിടിച്ചുമാറ്റിയിട്ട് നാട്ടുകാര്‍ വെട്ടുകയായിരുന്നുവെന്നും മകന്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News