കാസര്‍കോട്: നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരര്‍കാവിലെ വെടിക്കെട്ടപകടത്തില്‍ പരിക്കേറ്റ ഒരാള്‍കൂടി മരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പത്ഭനാഭന്‍ (75) ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. ശസ്ത്രക്രിയക്കു ശേഷം തീവ്രപരിചരണ വിഭാഗത്തില്‍ വിശ്രമത്തില്‍ കഴിയവേ ഉണ്ടായ അണുബാധയാണ് മരണ കാരണമെന്നാണ് ഡോക്ടര്‍മാരില്‍നിന്ന് ലഭിക്കുന്ന വിവരം.
പൊട്ടിത്തെറി ഉണ്ടായ ഷെഡിന് തൊട്ടടുത്തായിരുന്നു പത്ഭനാഭന്‍ നിന്നിരുന്നത്. ശരീരമാസകലം പൊള്ളലേറ്റ അദ്ദേഹത്തെ മൂന്ന് ശസ്ത്രക്രിയകള്‍ക്ക് വിധേയനാക്കിയിരുന്നു. കണ്ണൂര്‍, കാസര്‍കോട്, മംഗലാപുരം എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലുമായി നിലവില്‍ 38- ഓളം പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ ചിലര്‍ക്കുകൂടി അണുബാധയുണ്ടെന്നാണ് അറിയുന്നത്.
അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ചായിരുന്നു ഒക്ടോബര്‍ 29-ന് പുലര്‍ച്ചെ 12.15-ഓടെ അപകടമുണ്ടായത്. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കംപൊട്ടിച്ചപ്പോള്‍, തീപ്പൊരി പടക്കംസൂക്ഷിച്ച കെട്ടിടത്തിലേക്ക് വീഴുകയും ഒന്നാകെ പൊട്ടിത്തെറിക്കുകയുമായിരുന്നു.അപകടത്തില്‍ 150-ലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു.