ഐഎന്‍എല്ലിലെ പിളര്‍പ്പ്; കാസര്‍കോഡ് ജില്ലാ കമ്മിറ്റിയിലും അസ്വാരസ്യം

Update: 2021-07-26 07:14 GMT

കാസര്‍കോട്: ഐഎന്‍എല്‍ സംസ്ഥാന നേതൃത്വത്തിലുണ്ടായ കൂട്ടത്തല്ലും പിളര്‍പ്പും കാസര്‍കോട് ജില്ലാ കമ്മിറ്റിയിലും അസ്വാരസ്യമുണ്ടാക്കുന്നു. ജില്ലാ ഭാരവാഹികളില്‍ ഭൂരിപക്ഷവും കാസിം ഇരിക്കൂര്‍ പക്ഷത്തോടൊപ്പമാണെങ്കില്‍ താഴെതട്ടിലുള്ള അണികള്‍ ഏതുപക്ഷത്തോടൊപ്പം നില്‍ക്കുമെന്ന ത്രിശങ്കുവിലാണ്. അതേസമയം ഇരുപക്ഷവും ഭൂരിഭാഗം പ്രവര്‍ത്തകരും തങ്ങളോടൊപ്പമാണെന്ന് അവകാശപ്പെടുന്നുണ്ട്. അഖിലേന്ത്യാ കമ്മിറ്റി ആരോടൊപ്പമാണോ അവരോടൊപ്പമാണ് കാസര്‍കോട് ജില്ലാ കമ്മിറ്റിയെന്ന് ഐഎന്‍എല്‍ ജില്ലാ പ്രസിഡന്റ് മൊയ്തീന്‍ കുഞ്ഞി കളനാടും ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറവും വ്യക്തമാക്കി. ഇതിനുപുറമെ, സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളായ ജില്ലയില്‍ നിന്നുള്ള എം എ ലത്തീഫും ഇതേ നിലപാടുകാരാണ്. അതേസമയം, നേതാക്കള്‍ കാസിം ഇരിക്കൂറിനൊപ്പം നില്‍ക്കുന്നതില്‍ അണികളില്‍ പലര്‍ക്കും അഭിപ്രായ ഭിന്നതയുണ്ട്. മന്ത്രിസ്ഥാനവും അധികാരവും കേന്ദ്രീകരിച്ചിരിക്കുന്ന പക്ഷത്തോടോാപ്പം നില്‍ക്കുക എന്നതിനപ്പുറം യാതൊന്നും വിലയിരുത്താതെയാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാടെന്നാണ് ഇവരുടെ വിമര്‍ശനം. പ്രവര്‍ത്തകരില്‍ നല്ലൊരു വിഭാഗം പ്രഫ. എ പി അബ്ദുല്‍ വഹാബിനെ പിന്തുണയ്ക്കുന്നത് ജില്ലാ നേതൃത്വത്തെ കുഴക്കുന്നുണ്ട്.

Split in INL; Discomfort in Kasargod District Committee

Tags:    

Similar News