ചേലക്കുളം ഉസ്താദ്: വൈജ്ഞാനിക നഭോമണ്ഡലത്തിലെ തിളക്കമാര്‍ന്ന താരകം- മൗലാനാ പി പി മുഹമ്മദ് ഇസ്ഹാഖ് ഖാസിമി

Update: 2022-01-24 10:07 GMT

ഓച്ചിറ: നമ്മില്‍നിന്നും വിടപറഞ്ഞ ചേലക്കുളം അബുല്‍ ബുഷ്‌റ കെ എം മുഹമ്മദ് മൗലവി എംഎഫ്ബി വൈജ്ഞാനിക നഭോമണ്ഡലത്തിലെ തിളക്കമാര്‍ന്ന താരകമായിരുന്നുവെന്ന് ജംഇയ്യത്ത് ഉലമാ എ ഹിന്ദ് സംസ്ഥാന അധ്യക്ഷന്‍ മൗലാനാ പി പി മുഹമ്മദ് ഇസ്ഹാഖ് ഖാസിമി അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി. നിലവില്‍ ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാന പ്രസിഡന്റും തിരുവനന്തപുരം വലിയ ഖാസിയുമായ ചേലക്കുളം ഉസ്താദ് നൂറുക്കണക്കിന് പണ്ഡിതരെ വാര്‍ത്തെടുക്കാന്‍ സൗഭാഗ്യം ലഭിച്ച ദക്ഷിണ കേരളത്തിലെ പണ്ഡിത കാരണവര്‍ കൂടിയായിരുന്നു.

ദര്‍സെ നിസാമിയയുടെ എല്ലാ വിഷയങ്ങളിലും അഗാധ പാണ്ഡിത്യമുണ്ടായിരുന്ന ഉസ്താദ് നല്ലൊരു എഴുത്തുകാരനും പ്രഭാഷകനുമായിരുന്നു. ദര്‍സിനോടൊപ്പം തന്നെ ദീനിന്റെയും സമൂഹത്തിന്റെയും ഉയര്‍ച്ചയ്ക്കും സംരക്ഷണത്തിനും വ്യാപനത്തിനും വേണ്ടിയുള്ള പരിശ്രമങ്ങളിലും മുന്‍പന്തിയിലായിരുന്നു. മഹാനവര്‍കളുടെ വിയോഗം ദക്ഷിണ കേരളത്തില്‍ നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്. വാര്‍ധക്യസമയത്ത് പോലും ബസ്സിലും ട്രെയിനിലും ഇല്‍മി ദഅ്‌വതീ യാത്രകള്‍ ചെയ്തിരുന്നു.

വിനയാന്വിതമായ നടത്തം, പുഞ്ചിരി തൂകുന്ന പൂമുഖം, വിജ്ഞാന ശകലങ്ങള്‍ പൊഴിച്ചുകൊണ്ടിരുന്ന നാവ്, ശിഷ്യഗണങ്ങളോടുള്ള വാല്‍സല്യം, ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിലുള്ള ശ്രദ്ധ തുടങ്ങിയവ അദ്ദേഹത്തല്‍ കണ്ട പ്രധാന ഗുണങ്ങളായിരുന്നു. ജംഇയ്യത്ത് ഉലമാ എ ഹിന്ദിന്റെ മുന്‍കാല നേതാക്കളായ മുഹമ്മദ് നൂഹ് മൗലാനാ, മര്‍ഹൂം കോയാ മൗലാനാ, മര്‍ഹൂം കാഞ്ഞാര്‍ ഹുസൈന്‍ മൗലാനാ എന്നിവരുമായി നല്ല ആത്മബന്ധം പുലര്‍ത്തിയിരുന്നു. മഹാനവര്‍കള്‍ക്ക് വേണ്ടി സദഖ, ദിക്ര്‍, തിലാവതുല്‍ ഖുര്‍ആന്‍ തുടങ്ങിയ സല്‍കര്‍മങ്ങള്‍ ചെയ്യാനും ജനാസ നമസ്‌കരിക്കാനും മൗലാനാ പി പി മുഹമ്മദ് ഇസ്ഹാഖ് ഖാസിമി അഭ്യര്‍ഥിച്ചു.

Tags:    

Similar News