തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വേര്‍പാടില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അനുശോചിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറിയും മുതിര്‍ന്ന തൊഴിലാളി യൂനിയന്‍ നേതാവുമായിരുന്ന കാനം രാജേന്ദ്രന്റെ വേര്‍പാട് ഏറെ വേദനാജനകമാണ്. 19 ാം വയസില്‍ തന്നെ യുവജന രാഷ്ട്രീയ നേതൃത്വം ഏറ്റെടുത്ത് പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവരികയും അഞ്ചു പതിറ്റാണ്ടിലധികം സാമൂഹികരാഷ്ട്രീയ രംഗത്ത് സജീവമായ ഇടപെടലുകളും നടത്തിവന്ന നേതാവാണ് വിടപറഞ്ഞിരിക്കുന്നത്. സര്‍ക്കാരിനുള്ളില്‍ പോലും പലപ്പോഴും പ്രതിപക്ഷത്തിന്റെ റോളിലൂടെ തിരുത്തല്‍ ശക്തിയാകാന്‍ കാനം ശ്രമിച്ചിരുന്നു. വ്യാജ ഏറ്റുമുട്ടിലൂടെ എട്ടു പേരെ വെടിവെച്ചു കൊലപ്പെടുത്തിയതിനെതിരേ അദ്ദേഹം ഉയര്‍ത്തിയ പ്രതിഷേധം ഏറെ ശ്രദ്ധേയമായിരുന്നു. സംഘപരിവാര ഫാഷിസം രാജ്യത്തിന്റെ സര്‍വ മേഖലകളെയും വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കുമ്പോള്‍ ഫാഷിസ്റ്റ് വിരുദ്ധ ചേരിയില്‍ നിലപാടെടുക്കുന്നവരുടെ എണ്ണം അനുദിനം ചുരുങ്ങിവരുന്നതിനിടെയാണ് കാനം രാജേന്ദ്രന്റെ അപ്രതീക്ഷിത വേര്‍പാട്. വിദ്യാര്‍ഥി നേതാവ്, തൊഴിലാളി നേതാവ്, സിപിഐ ദേശീയ സെക്രട്ടറിയേറ്റംഗം, എഐടിയുസി ദേശീയ ഉപാധ്യക്ഷന്‍, സിപിഐ സംസ്ഥാന സെക്രട്ടറി, എംഎല്‍എ തുടങ്ങിയ വിവിധ നേതൃസ്ഥാനങ്ങളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചാണ് അദ്ദേഹം വിടവാങ്ങിയിരിക്കുന്നത്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ വ്യസനിക്കുന്ന ഉറ്റവര്‍, സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ ദു:ഖത്തില്‍ പങ്കാളിയാവുന്നതായും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.