കൊവിഡ്: ക്വാറന്റൈന്‍ ലംഘനം പിടികൂടാന്‍ വാര്‍ഡ് തലങ്ങളില്‍ നിരീക്ഷണം ശക്തമാക്കി പോലിസ്

Update: 2021-08-11 08:02 GMT

കൊല്ലം: ക്വാറന്റൈന്‍ ലംഘിക്കുന്നവരെ പിടികൂടാന്‍ വാര്‍ഡ് തലങ്ങളില്‍ പോലിസ് നിരീക്ഷണം ശക്തമാക്കി. പിറവന്തൂര്‍, പത്തനാപുരം ഗ്രാമപ്പഞ്ചായത്തുകളില്‍ ഇതിനായി പോലിസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ചു. പിറവന്തൂരില്‍ വാര്‍ഡ് തലത്തില്‍ നടക്കുന്ന ക്വാറന്റൈന്‍ ലംഘനങ്ങള്‍ ആശാവര്‍ക്കര്‍മാരും വാര്‍ഡുതല സമിതി അംഗങ്ങളും ഗ്രൂപ്പില്‍ അറിയിക്കുകയും പോലിസ് ഉദ്യോഗസ്ഥര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ഈശ്വര ദാസ് പറഞ്ഞു. പത്തനാപുരത്ത് 19 വാര്‍ഡുകളെ മൂന്ന് സോണുകളായി തിരിച്ച് രൂപീകരിച്ച കൂട്ടായ്മയില്‍ മൂന്ന് പോലിസുകാരുടെ സേവനം ലഭ്യമാക്കിയതായി ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി സുരേഷ് ബാബു പറഞ്ഞു.

കല്ലുവാതുക്കലില്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് ആഗസ്ത് രണ്ടിന് പ്രവര്‍ത്തനമാരംഭിച്ച മൊബൈല്‍ പരിശോധന യൂനിറ്റ് കശുവണ്ടി ഫാക്ടറികള്‍, ബാങ്കുകള്‍ മറ്റ് ഓഫിസുകള്‍ വ്യാപാര സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് പരിശോധനകള്‍ നടത്തിവരുന്നു. ദിവസേന 500 പരിശോധനകള്‍ നടത്താനാണ് ലക്ഷ്യമിടുന്നത്. മൂന്ന് ലാബ് ടെക്‌നീഷ്യന്‍മാരെയും ഒരു ഡേറ്റാ എന്‍ട്രി ഓപറേറ്ററെയും നിയോഗിച്ചിട്ടുണ്ട്. പഞ്ചായത്തിലെ ഉള്‍പ്രദേശങ്ങള്‍, കോളനികള്‍ എന്നിവ കേന്ദ്രീകരിച്ച് കൂടുതല്‍ പരിശോധനകള്‍ നടത്താനും രോഗവ്യാപനം കുറയ്ക്കാനും മൊബൈല്‍ പരിശോധന യൂനിറ്റ് പ്രയോജനപ്പെടുത്തിയതായി പ്രസിഡന്റ് എസ് സുദീപ് പറഞ്ഞു.

പെരിനാട് പഞ്ചായത്തിലെ ഡിസിസിയില്‍ 22 രോഗികളാണുള്ളത്. വാര്‍ഡ് തലത്തില്‍ എല്ലാ ദിവസവും കൊവിഡ് പരിശോധന നടത്തുന്നുണ്ട്. അഞ്ച് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണിലാണ്. ഇതുവരെ 17610 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. ഹോമിയോ, ആയുര്‍വേദ പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തതായി പ്രസിഡന്റ് ദിവ്യ പറഞ്ഞു. കുമ്മിള്‍ പഞ്ചായത്തിലെ ജനകീയ ഹോട്ടല്‍ മുഖേന കോവിഡ് ബാധിതര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും ഭക്ഷണം എത്തിച്ചു നല്‍കുന്നു. ആന്റിജന്‍, ആര്‍ടിപിസിആര്‍ പരിശോധനകളും വ്യാപിപ്പിച്ചിട്ടുണ്ട്. ആയുര്‍വേദ, ഹോമിയോ പ്രതിരോധ മരുന്നുകള്‍ 14 വാര്‍ഡുകളിലും വിതരണം ചെയ്തു. പഞ്ചായത്ത് തല വാര്‍ റൂം ബുള്ളറ്റിന്‍ പ്രസിദ്ധീകരിക്കുന്നുണ്ടെന്നും പ്രസിഡന്റ് കെ. മധു പറഞ്ഞു.

കരീപ്രയില്‍ ആന്റിജന്‍, ആര്‍ടിപിസിആര്‍ പരിശോധനകള്‍ വ്യാപിപ്പിച്ചു. കോളനികള്‍ കേന്ദ്രീകരിച്ചു കൊവിഡ് പ്രതിരോധം ശക്തമാക്കി. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഹോമിയോ, ആയുര്‍വേദ പ്രതിരോധ മരുന്ന്, ചികിത്സാ ഉപകരണങ്ങള്‍, ആന്റിജന്‍ പരിശോധന കിറ്റ് എന്നിവ ആരോഗ്യകേന്ദ്രങ്ങള്‍ക്ക് വിതരണം ചെയ്തു. നിയമലംഘനങ്ങള്‍ തടയുന്നതിന്റെ ഭാഗമായി നിരീക്ഷണം ശക്തമാക്കിയാതായി പഞ്ചായത്ത് പ്രസിഡന്റ് പി എസ് പ്രശോഭ പറഞ്ഞു. ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്തില്‍ 11052 പേര്‍ക്ക് ഇതുവരെ വാക്‌സിന്‍ നല്‍കി. ഓച്ചിറയില്‍ നിലവില്‍ വീടുകളിലും ആശുപത്രികളിലും ഡിസിസികളിലുമായി 98 രോഗികള്‍ ചികില്‍സയിലുണ്ട്. ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തില്‍ രോഗികള്‍ക്ക് ആവശ്യമായ സേവനങ്ങളും ലഭ്യമാക്കുന്നുണ്ട്. പഞ്ചായത്ത് പരിധിയില്‍ പരിശോധനകള്‍ വ്യാപകമാക്കി. വാക്‌സിനേഷനും ബോധവല്‍ക്കരണ പരിപാടികളും നടത്തി വരുന്നതായി പഞ്ചായത്ത് പ്രസിഡന്റ് ബി ശ്രീദേവി പറഞ്ഞു.

Tags:    

Similar News