മുസ്‌ലിം സ്ട്രീറ്റിലെ രാഷ്ട്രീയ കൂട്ടുകച്ചവടത്തിന് അറുതിവരുത്തും: സാബു കൊട്ടാരക്കര

അധാര്‍മികതയിലൂടെ രാഷ്ട്രീയനേട്ടം ലക്ഷ്യംവച്ച് പ്രവര്‍ത്തിക്കുന്ന കൂട്ടുകച്ചവടക്കാരെ പ്രബുദ്ധരായ വോട്ടര്‍മാര്‍ പരാജയപ്പെടുത്തുക തന്നെ ചെയ്യുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ജോണ്‍സണ്‍ കണ്ടച്ചിറ പറഞ്ഞു.

Update: 2020-11-26 15:19 GMT

പിഡിപി, എസ്ഡിപിഐ സംയുക്ത കണ്‍വന്‍ഷന്‍ എസ് ഡിപിഐ ജില്ലാ പ്രസിഡന്റ് ജോണ്‍സണ്‍ കണ്ടച്ചിറ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ മുസ്‌ലിം സ്ട്രീറ്റിലെ രാഷ്ട്രീയ കൂട്ടുകച്ചവടത്തിന് അറുതിവരുത്തുമെന്ന് പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര. ഹയാത്തുല്‍ ഈമാന്‍ നഗറില്‍ ചേര്‍ന്ന പിഡിപി, എസ്ഡിപിഐ സംയുക്ത കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം സ്ട്രീറ്റിന്റെ വരുമാനമാര്‍ഗങ്ങളിലെ മുഖ്യ ആശ്രയകേന്ദ്രമായ പബ്ലിക് മാര്‍ക്കറ്റിലെ മല്‍സ്യവ്യാപാരികളടക്കമുള്ളവരോടുള്ള അവഗണനയും വാര്‍ഡുകളിലെ വ്യക്തിഗത ആനുകൂല്യവിതരണത്തിലെ പക്ഷപാതപരമായ സമീപനവും തുടര്‍ച്ചയായ വാഗ്ദാനലംഘനങ്ങളും പ്രതിഫലിക്കുന്ന തിരഞ്ഞെടുപ്പില്‍ ഒന്നും രണ്ടും വാര്‍ഡുകളില്‍ മല്‍സരിക്കുന്ന ഷൈനി ഷഹാറിനും മുഹമ്മദ് സിദ്ദീഖിനും അനുകൂലമായ സാഹചര്യം രൂപപ്പെട്ടിട്ടുണ്ട്.

അധാര്‍മികതയിലൂടെ രാഷ്ട്രീയനേട്ടം ലക്ഷ്യംവച്ച് പ്രവര്‍ത്തിക്കുന്ന കൂട്ടുകച്ചവടക്കാരെ പ്രബുദ്ധരായ വോട്ടര്‍മാര്‍ പരാജയപ്പെടുത്തുക തന്നെ ചെയ്യുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ജോണ്‍സണ്‍ കണ്ടച്ചിറ പറഞ്ഞു. മര്‍ദ്ദിതജനതയുടെ വിമോചനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന രണ്ട് പാര്‍ട്ടികളുടെ കൊട്ടാരക്കരയിലെ യോജിപ്പ് പാരമ്പര്യവാദികളായ രാഷ്ട്രീയനേതൃത്വത്തിന് വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.

എന്നാല്‍, ഈ ഐക്യം മുസ്‌ലിം സ്ട്രീറ്റ് മേഖലയില്‍ വലിയ ചലനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുമെന്ന് യോഗത്തില്‍ വിഷയാവതരണം നിര്‍വഹിച്ച പിഡിപി ജില്ലാ പ്രസിഡന്റ് മനാഫ് പത്തടി പറഞ്ഞു. പിഡിപി മണ്ഡലം പ്രസിഡന്റ് സുധീര്‍ വല്ലം അധ്യക്ഷത വഹിച്ചു. ഇരുപാര്‍ട്ടികളുടെയും നേതാക്കളായ ഷാജി പത്തനാപുരം, അന്‍സര്‍ കുളത്തുപ്പുഴ, സുധീര്‍ കുന്നുംപുറം, ഷാനവാസ് പള്ളിക്കല്‍, നിസാം, ഷാനവാസ് ഷൈജു ഷറഫുദ്ദീന്‍, സ്ഥാനാര്‍ഥികളായ ഷൈനി ഷഹാര്‍, മുഹമ്മദ് സിദ്ദീഖ്, എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് സുധീര്‍ പനവേലി, പിഡിപി മണ്ഡലം സെക്രട്ടറി ഷിജു തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    

Similar News