സ്‌കൂളില്‍ വിദ്യാര്‍ഥിയെ നഗ്‌നനാക്കി റീല്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചു; ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കി പോലിസ്

Update: 2025-01-17 17:18 GMT
സ്‌കൂളില്‍ വിദ്യാര്‍ഥിയെ നഗ്‌നനാക്കി റീല്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചു; ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കി പോലിസ്

പാലാ: തെലുങ്ക് സിനിമ അനുകരിച്ചു പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികള്‍ സഹപാഠിയെ നഗ്‌നനാക്കുകയും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌തെന്ന പരാതിയില്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് റിപ്പോര്‍ട്ട് കൈമാറി പോലിസ്. വിദ്യാര്‍ഥിയുടെ പിതാവിന്റെ പരാതിയിലാണു നടപടി. 7 സഹപാഠികള്‍ ക്ലാസ് മുറിയില്‍ വച്ചു വിദ്യാര്‍ഥിയെ ഉപദ്രവിച്ചെന്നാണ് ദൃശ്യങ്ങള്‍ സഹിതം നല്‍കിയ പരാതിയില്‍ പറയുന്നത്.

പാലാ സെന്റ് തോമസ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥിയുടെ പിതാവാണു പരാതി നല്‍കിയത്. അടുത്തിടെ ഹിറ്റായ തെലുങ്ക് സിനിമയില്‍ നായകനെ നഗ്‌നനാക്കുന്ന സീന്‍ അനുകരിച്ചു റീല്‍ എടുക്കാനായാണു സഹപാഠിയെ നഗ്‌നാക്കിയതെന്നാണു വിദ്യാര്‍ഥികള്‍ പറഞ്ഞതെന്ന് അധികൃതര്‍ പറയുന്നു. 10ന് ഉച്ചയ്ക്ക് 12.30നായിരുന്നു സംഭവം. ഇതു സംബന്ധിച്ച് ആക്രമണത്തിനിരയായ വിദ്യാര്‍ഥി മാതാപിതാക്കളോടോ അധ്യാപകരോടോ പരാതിപ്പെട്ടിരുന്നില്ല.

16നു ഉച്ചയ്ക്കു വീണ്ടും സ്‌കൂളില്‍ വച്ച് ദേഹത്തു പിടിച്ചതോടെ വിദ്യാര്‍ഥി ക്ലാസ് അധ്യാപികയോടു പരാതിപ്പെട്ടു. തുടര്‍ന്നാണ് നേരത്തെ നടന്ന സംഭവം പുറത്തറിയുന്നത്. സ്‌കൂള്‍ അധികൃതരുടെ അനാസ്ഥയാണു സംഭവത്തിനിടയാക്കിയതെന്നു രക്ഷിതാവ് പറഞ്ഞു. ആക്രമണത്തിനിരയായ വിദ്യാര്‍ഥിയുടെയും ആരോപണ വിധേയരായ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും മൊഴികള്‍ പോലിസ് രേഖപ്പെടുത്തി. സമൂഹ മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്നും ഡിവൈഎസ്പി കെ. സദന്‍ പറഞ്ഞു.പൊതുവിദ്യാഭ്യാസ അഡീഷനല്‍ ഡയറക്ടറോട് വിശദീകരണം തേടിയതായി മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.

16ന് വിദ്യാര്‍ഥി പരാതിപ്പെട്ടപ്പോള്‍ത്തന്നെ നിയമപരമായ നടപടികളെല്ലാം സ്വീകരിച്ചതായി സെന്റ് തോമസ് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. സ്റ്റാഫ് മീറ്റിങ് വിളിച്ചു ചേര്‍ക്കുകയും 16നു ഉച്ചകഴിഞ്ഞ് ആക്രമണത്തിനിരയായ വിദ്യാര്‍ഥിയുടെയും ഉപദ്രവിച്ച 7 കുട്ടികളുടെയും മാതാപിതാക്കളെ വിളിച്ചു വരുത്തുകയും കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും ചെയ്തു. ശിക്ഷണ നടപടികള്‍ സ്വീകരിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ രക്ഷിതാക്കളെ അറിയിക്കുകയും ചെയ്തു. സ്‌കൂള്‍ മാനേജറും നഗരസഭാ കൗണ്‍സിലറുമടങ്ങുന്ന എത്തിക്‌സ് കമ്മിറ്റി വിളിച്ചു ചേര്‍ത്ത് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതരെയും വിദ്യാഭ്യാസ വകുപ്പ് അധികൃതരെയും വിവരമറിയിച്ചു.




Tags:    

Similar News