ജാമിഅയില്‍ വെടിയുതിര്‍ത്ത തീവ്രഹിന്ദുത്വവാദിയെ ജുവനൈല്‍ കസ്റ്റഡിയില്‍ വിട്ടു
പ്രായം സംബന്ധിച്ച അവ്യക്തത നിലനില്‍ക്കുന്നതിനാല്‍ അസ്ഥിപരിശോധന അടക്കമുള്ളവയ്ക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് നിര്‍ദേശം നല്‍കിയതായി ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ രാജേഷ് ദിയോ വ്യക്തമാക്കി.
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ പ്രതിഷേധിച്ചവര്‍ക്കെതിരേ വെടിയുതിര്‍ത്ത തീവ്രഹിന്ദുത്വവാദിയായ 17 കാരനെ 14 ദിവസത്തെ ജുവനൈല്‍ കസ്റ്റഡിയില്‍ വിട്ടു. ഇയാള്‍ക്കു പ്രായപൂര്‍ത്തിയായില്ലെന്ന് ചൂണ്ടിക്കാട്ടിയാണു ഡല്‍ഹി പോലിസ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുമ്പാകെ ഹാജരാക്കിയത്. എന്നാല്‍, പ്രായം സംബന്ധിച്ച അവ്യക്തത നിലനില്‍ക്കുന്നതിനാല്‍ അസ്ഥിപരിശോധന അടക്കമുള്ളവയ്ക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് നിര്‍ദേശം നല്‍കിയതായി ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ രാജേഷ് ദിയോ വ്യക്തമാക്കി. അതേസമയം, വെടിയുതിര്‍ത്ത അക്രമി ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനാണെന്ന് പോലിസ് റിപോര്‍ട്ടുകളുണ്ട്. ഉത്തര്‍പ്രദേശിലെ ഗൗതംബുദ്ധ നഗറിനടുത്തുള്ള ജേവാര്‍ സ്വദേശിയാണെന്നും 11ാം ക്ലാസ് വിദ്യാര്‍ഥിയാണെന്നും കണ്ടെത്തിയിട്ടുണ്ട്.
2002 ഏപ്രിലില്‍ ജനിച്ച ഇയാള്‍ 2018ല്‍ സിബിഎസ്ഇ 10ാം ക്ലാസ് പാസായതായി സ്‌കൂള്‍ അധികൃതരും പറയുന്നു. വ്യാഴാഴ്ചയാണ് വിദ്യാര്‍ഥി റാലിക്കു നേരെ പോലിസിന്റെയും മാധ്യമങ്ങളുടെയും കണ്‍മുന്നില്‍ ഇയാള്‍ വെടിയുതിര്‍ത്തത്. വെടിവയ്പ്പില്‍ ജാമിഅയിലെ മാസ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥി ഷദാബ് ഫാറൂഖിന് പരിക്കേറ്റിരുന്നു. അക്രമിക്ക് 19 വയസ്സുണ്ടെന്നായിരുന്നു ആദ്യം പോലിസ് പറഞ്ഞത്. എന്നാല്‍, പിന്നീട് 18 വയസിനു താഴെയാണെന്നതിനാല്‍ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്നും പൂര്‍ണവിവരങ്ങള്‍ പറയാനാവില്ലെന്നും പോലിസ് നിര്‍ദേശം നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുകയായിരുന്നു. അക്രമിക്കെതിരേ ഐപിസി സെക്്ഷന്‍ 307 (വധശ്രമം), ആയുധ നിരോധനനിയമം എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.