ആസിഫ് ഖാന്റെ തല്ലിക്കൊല: കൊലയാളികള്‍ക്ക് പിന്തുണയുമായി വീണ്ടും മഹാപഞ്ചായത്ത്; മുഖ്യപ്രാസംഗികന്‍ ജാമിഅയില്‍ വെടിയുതിര്‍ത്തയാള്‍(വീഡിയോ)
ന്യൂഡല്‍ഹി: ഹരിയാനയില്‍ ജിംനേഷ്യം പരിശീലകനായ ആസിഫ് ഖാനെ തല്ലിക്കൊന്ന സംഭവത്തില്‍ കൊലയാളികള്‍ക്ക് പിന്തുണയും മുസ് ലിംകള്‍ക്കെതിരേ കലാപാഹ്വാനവുമായി വീണ്ടും മഹാ പഞ്ചായത്ത് ചേര്‍ന്നു. ഞായറാഴ്ച പട്ടൗഡി ഗ്രാമത്തില്‍ നടന്ന മഹാ പഞ്ചായത്തില്‍ പ്രസംഗിച്ചവരെല്ലാം മുസ് ലിംകള്‍ക്കെതിരേ കടുത്ത വിദ്വേഷ പ്രസംഗങ്ങളാണ് നടത്തിയത്. സംഗപരിവാരം മുസ് ലിംകള്‍ക്കെതിരേ ഉപയോഗിക്കുന്ന 'ലൗ ജിഹാദ്', 'ലാന്‍ഡ് ജിഹാദ്', 'പിയര്‍ ജിഹാദ്', 'പോപുലേഷന്‍ ജിഹാദ്' തുടങ്ങിയ ആരോപണങ്ങള്‍ ഉയര്‍ത്തിയ മഹാപഞ്ചായത്തില്‍ 2020 ജനുവരിയില്‍ ഡല്‍ഹിയിലെ ജാമിഅ മില്ലിയ ഇസ് ലാമിയ്യ സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്തയാളാണ് മുഖ്യപ്രാസംഗികനായത്.
ജാമിഅ ഷൂട്ടര്‍ എന്നറിയപ്പെടുന്ന 'രംഭക്ത്' ഗോപാല്‍ ശര്‍മയുടെ പ്രസംഗമായിരുന്നു സമ്മേളനത്തിന്റെ മുഖ്യ ആകര്‍ഷണം. രാംഭഗത് ഗോപാല്‍ ശര്‍മയുടെ പ്രസംഗം ഫേസ്ബുക്കില്‍ തല്‍സമയം പ്രക്ഷേപണം ചെയ്യുകയും ചെയ്തു. 'നമ്മുടെ സഹോദരിമാരുടെയും പെണ്‍മക്കളുടെയും അന്തസിനും തല തകര്‍ക്കേണ്ട 'ലൗജിഹാദി പാമ്പുകള്‍' എന്നാണ് അദ്ദേഹം രാംഭഗത് ഗോപാല്‍ ശര്‍മ മുസ്‌ലിംകളെ അഭിസംബോധന ചെയ്തത്.
'മുസ്‌ലിംകള്‍ കൊല്ലപ്പെടുമ്പോള്‍ അവര്‍ രാം രാം എന്ന് ആക്രോശിക്കുമെന്നും അദ്ദേഹം തന്റെ പ്രസംഗത്തില്‍ പറയുന്നുണ്ട്. നേരത്തേ നടന്ന സമ്മേളനങ്ങളിലും രാംഭഗത് ഗോപാല്‍ സമാനമായ പ്രസംഗങ്ങള്‍ നടത്തിയിരുന്നു. ആസിഫ് ലിഞ്ചിംഗ് കേസിലെ പ്രതികളെ പിന്തുണച്ച് ആളുകളെ അണിനിരത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന മറ്റൊരു വീഡിയോയില്‍ ഗോപാല്‍ നൂറുകണക്കിന് അനുയായികളോട് 'ഇത് മുല്ലമാരുടെ(മുസ് ലിംകളുടെ) നാടല്ലെന്നും വീര ശിവജിയുടെ നാടാണെന്നും' വിളിച്ചുപറയാന്‍ പറയുന്നുണ്ട്.
കഴിഞ്ഞ തവണ ഹരിയാനയിലെ ഇന്ദ്രി ഗ്രാമത്തില്‍ നടന്ന മഹാപഞ്ചായത്തില്‍ വിവാദപ്രസംഗം നടത്തുകയും പിന്നീട് ബിജെപി വക്താവായി നിയമിക്കപ്പെടുകയും ചെയ്ത സൂരജ് പോള്‍ അമുവാണ് പട്ടൗഡി മഹാ പഞ്ചായത്തിലെ മറ്റൊരു പ്രമുഖ പ്രാസംഗികന്‍. പള്ളികള്‍ തറയോടെ പൊളിച്ചുമാറ്റണമെന്നായിരുന്നു സൂരജ് പോള്‍ അമുവിന്റെ ആഹ്വാനം. പലരും കാവി വസ്ത്രമണിഞ്ഞാണ് മഹാ പഞ്ചായത്തില്‍ പങ്കെടുത്തത്. കാവി പതാകകള്‍ തൂണുകളില്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. വേദിയില്‍ രണ്ട് ദേശീയ പതാകകളും സ്ഥാപിച്ചു. പ്രാസംഗികരെല്ലാം വരുമ്പോള്‍ മൈക്രോഫോണില്‍ 'ഭാരത് മാതാ കീ ജയ്' എന്ന് ആക്രോശിക്കുന്നുണ്ട്. മനു മനേസര്‍ എന്നയാളെ 'പശുക്കളെ സംരക്ഷിക്കുന്നതിനിടയില്‍ വെടിയേറ്റയാളെന്നാണ് അവതരിപ്പിക്കുന്നത്. ലൗ ജിഹാദിന് പരിഹാരവും മനേസര്‍ നിര്‍ദേശം ഇങ്ങനെയാണ് 'ഞങ്ങള്‍ ജിഹാദികളെ ലിസ്റ്റ് ചെയ്ത് കൊല്ലും. വലിയ സഹോദരന്‍ ഞങ്ങളെ രക്ഷിക്കും എന്നായിരുന്നു. വലിയ സഹോദരന്‍ എന്ന് പരാമര്‍ശിച്ചത് ബിജെപി സര്‍ക്കാരിനെക്കുറിച്ചാണെന്നാണു സൂചന.
BJP Haryana's spokesperson Suraj Pal Amu asks people to demolish and destroy a 'mosque' from it's foundation while addressing a Hindu Mahapanchayat pic.twitter.com/cUQHN3re6d
ജിം പരിശീലകനായ ആസിഫ് ഖാനെ തല്ലിക്കൊന്ന കുറ്റത്തിന് അറസ്റ്റിലായ പ്രതികളെ മോചിപ്പിക്കണമെന്ന് നേരത്തേ നടന്ന മഹാപഞ്ചായത്തും ആവശ്യപ്പെട്ടിരുന്നു. തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ഇത്തരം കൂടുതല്‍ സമ്മേളനങ്ങള്‍ നടത്തുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെതിരേ ആസിഫ് ഖാന്റെ കുടുംബം രംഗത്തെത്തിയെങ്കിലും മഹാപഞ്ചായത്തിന്റെ ആവശ്യത്തിനു തൊട്ടുപിന്നാലെ നാല് പ്രതികളെയും പോലിസ് വിട്ടയച്ചിരുന്നു. ആസിഫ് ഖാന്റെ കൊലപാതത്തിന്റെ പേരില്‍ തന്നെ വിദ്വേഷ പ്രസംഗങ്ങളും പ്രകോപനപരമായ മുദ്രാവാക്യങ്ങളും നടത്തിയ രണ്ടാമത്തെ മഹാ പഞ്ചായത്താണ് ബിജെപി ഭരിക്കുന്ന ഹരിയാനയില്‍ നടക്കുന്നത്.
രാംഭഗത് ഗോപാല്‍ ശര്‍മയുടെ പ്രസംഗം ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നും ഈ വ്യക്തി രാജ്യത്തിനു ഭീഷണിയാണെന്നും സിഎഎ വിരുദ്ധ സമരനായികയും ജാമിഅ വിദ്യാര്‍ഥിനിയുമായ സഫൂറ സര്‍ഗാര്‍ ട്വീറ്റ് ചെയ്തു. മുസ് ലിംകള്‍ക്കെതിരേ വംശഹത്യയ്ക്കാണ് ആഹ്വാനം ചെയ്തതെന്നും സ്ത്രീകള്‍ക്കെതിരായ ആക്രമണത്തിനും ആഹ്വാനം ചെയ്യുന്നുണ്ടെന്നും സഫൂറ സര്‍ഗാര്‍ പറഞ്ഞു.
Haryana Again: With Tricolour in Background, Speakers Make Calls for Violence against Muslims