ഹരിയാന ബിജെപിയില്‍ പൊട്ടിത്തെറി; മന്ത്രിയും എംഎല്‍എയും ഉള്‍പ്പെടെ കൂട്ടരാജി

Update: 2024-09-06 11:46 GMT

ചണ്ഡീഗഡ്: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യ പട്ടിക പുറത്തിറക്കിയതിന് പിന്നാലെ ബിജെപിയില്‍ പൊട്ടിത്തെറി. മന്ത്രിയും എംഎല്‍എയും ഉള്‍പ്പെടെ കൂട്ടത്തോടെ രാജിവച്ചു. സംസ്ഥാന വൈദ്യുതി മന്ത്രിയായ റാനിയ എംഎല്‍എ രഞ്ജിത് ചൗട്ടാലയാണ് സ്ഥാനം രാജിവച്ചത്. റതിയ എംഎല്‍എ ലക്ഷ്മണ്‍ നാപയും രാജിവച്ചിട്ടുണ്ട്. മറ്റു മന്ത്രിമാരായ കരണ്‍ ദേവ് കാംബോജ് (ഇന്ദ്രി മണ്ഡലം), ബിഷാംബര്‍ വാല്‍മീകി (ബവാനി ഖേര മണ്ഡലം), സോനിപത്തില്‍ നിന്നുള്ള മുന്‍ മന്ത്രി കവിതാ ജെയിന്‍, ഷംഷേര്‍ ഖാര്‍കഡ, സുഖ്‌വീന്ദര്‍ ഷിയോറന്‍, ഹിസാറില്‍ നിന്നുള്ള ഗൗതം സര്‍ദാന തുടങ്ങിയവരും രാജിപ്രഖ്യാപിക്കുകകയും വിമതരായി മല്‍സരിക്കുമെന്ന് അറിയിക്കുകയും ചെയ്തു. ബിജെപി സംസ്ഥാന നേതാവ് മോഹന്‍ ലാല്‍ ബദോലിക്ക് രാജിക്കത്ത് കൈമാറിയ ലക്ഷ്മണ്‍ നാപ ഡല്‍ഹിയില്‍ മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയുടെ സാന്നിധ്യത്തില്‍ ഇന്നലെ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സിറ്റിങ് സീറ്റില്‍ സിര്‍സ മുന്‍ എംപി സുനിതാ ദഗ്ഗലിന് ബിജെപി ടിക്കറ്റ് നല്‍കിയതാണ് രാജിക്കു കാരണം.

    ഇവര്‍ക്കു പുറമെ, ഗുസ്തി താരമായ ബിജെപി നേതാവ് യോഗേശ്വര്‍ ദത്തും സീറ്റ് നിഷേധിച്ചതില്‍ അതൃപ്തിയിലാണ്. സാമൂഹികമാധ്യമത്തിലൂടെ അതൃപ്തി പരസ്യപ്പെടുത്തിയത്. കുരുക്ഷേത്രയിലെ ബിജെപി എംപി നവിന്‍ ജിന്‍ഡാലിന്റെ മാതാവ് സാവിത്രി ജിന്‍ഡാല്‍ ഹിസാറില്‍ വിമതയാവുമെന്നും റിപോര്‍ട്ടുണ്ട്. സിറ്റിങ് എംഎല്‍എയും ആരോഗ്യമന്ത്രിയുമായ കമല്‍ ഗുപ്തയെയാണ് ഹിസാര്‍ സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥിയാക്കിയത്.സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി കിസാന്‍ മോര്‍ച്ച സംസ്ഥാന തലവന്‍ സുഖ്‌വീന്ദര്‍ സിങ് സ്ഥാനം രാജിവെച്ചു. പാര്‍ട്ടി അധ്യക്ഷന് അയച്ച കത്തില്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വവും സ്ഥാനവും രാജിവച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. വൈശ്യ സമുദായത്തെ പാര്‍ട്ടി അവഗണിക്കുകയാണെന്ന് മുന്‍ മന്ത്രി കവിതാ ജെയിനിനെറ ഭര്‍ത്താവും മുതിര്‍ന്ന ബിജെപി നേതാവുമായ രാജീവ് ജെയിന്‍ സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ ആരോപിച്ചു. ഒക്ടോബര്‍ അഞ്ചിന് ഹരിയാനയില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിജെപിയില്‍ വന്‍ പ്രതിസന്ധി ഉടലെടുത്തത്. ആദ്യഘട്ടത്തില്‍ 67 സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തിറക്കിയപ്പോഴാണ് കൂട്ടരാജിയുണ്ടായത്.

Tags:    

Similar News