നിങ്ങള്‍ മുസ് ലിംകള്‍ക്ക് എതിരാണ്, പക്ഷേ സൗദിയില്‍ പോയാലോ? : വഖ്ഫ് ഭേദഗതി നിയമത്തില്‍ നരേന്ദ്രമോദിക്കെതിരേ മമത

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും പരോക്ഷമായി പരിഹസിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മുസ് ലിംകള്‍ക്ക് എതിരായ പ്രധാനമന്തി പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ അവരുടെ ആതിഥ്യം സ്വീകരിക്കുന്നുണ്ടെന്നായിരുന്നു പ്രസ്താവന. കൊല്‍ക്കത്തയിലെ നേതാജി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിക്കിടെയാണ് പരാമര്‍ശം.
'നിങ്ങള്‍ മുസ് ലിംകള്‍ക്ക് എതിരാണ്, പക്ഷേ സൗദി അറേബ്യയില്‍ നിങ്ങള്‍ മുസ് ലിംകളെയാണ് കാണാന്‍ പോകുന്നത്. നിങ്ങള്‍ ദുബായിലോ യുഎഇയിലോ പോയാല്‍, അവിടെ ആരുടെ ആതിഥ്യമര്യാദയാണ് സ്വീകരിക്കുന്നത്? ' മമത ചോദിച്ചു. ബിജെപിക്കാര്‍ രാജ്യത്ത് ഒരു കാര്യവും പുറത്ത് മറ്റൊരു കാര്യവും ചെയ്യുന്നവരാണെന്നും അവര്‍ കൂട്ടിചേര്‍ത്തു. മോദിയുടെ വഖ്ഫ് ഭേദഗതി നിയമത്തെ നഖശിഖാന്തം എതിര്‍ക്കുമെന്നും അവര്‍ വ്യക്തമാക്കി.