കൊല്‍ക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിവയ്ക്കണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി. 400 സീറ്റ് എന്ന് ബിജെപി മുന്നില്‍ കണ്ടിരുന്ന വിജയലക്ഷ്യം നേടാന്‍ കഴിയാത്തതിനു പിന്നില്‍ മോദിയാണ്. പ്രധാനമന്ത്രിക്ക് ഭൂരിപക്ഷം കടക്കാന്‍ കഴിയാത്തതില്‍ സന്തോഷമുണ്ട്. ഇത്രയേറെ പണം ചെലവഴിച്ചിട്ടും പ്രചാരണം നടത്തിയിട്ടും പിന്നിലായി. മോദിയുടെയും അമിത്ഷായുടെയും അഹങ്കാരത്തിനേറ്റ തിരിച്ചടിയാണിത്. എന്‍ഡിഎ തോല്‍ക്കുകയും ഇന്‍ഡ്യ മുന്നണി വിജയിക്കുകയും ചെയ്‌തെന്നും മമതാ ബാനര്‍ജി പറഞ്ഞു. പശ്ചിമബംഗാളില്‍ ആകെയുള്ള 42 സീറ്റുകളിളില്‍ 29 ഇടത്തും തൃണമൂല്‍ മുന്നേറ്റമായിരുന്നു. ബിജെപി 12 സീറ്റുകളിലേക്ക് ചുരുങ്ങിയപ്പോള്‍ കോണ്‍ഗ്രസിന് ഒരു സീറ്റാണ് ലഭിച്ചത്.