പശുക്കടത്ത് ആരോപിച്ച് വാഹനം പിന്തുടര്‍ന്ന 'ഗോരക്ഷക'ന് വെടിയേറ്റു

Update: 2024-06-15 10:21 GMT

ഗുരുഗ്രാം: ഹരിയാനയിലെ നൂഹ് ജില്ലയിലെ മഹുചോപ്ത ഗ്രാമത്തിന് സമീപം പശുക്കടത്ത് ആരോപിച്ച് വാഹനം പിന്തുടര്‍ന്ന 'ഗോ രക്ഷക'ന് വെടിയേറ്റു. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. റേവാരി ജില്ലക്കാരനായ സോനു സര്‍പഞ്ചിനെയാണ് വെടിയേറ്റ പരിക്കുകളോടെ ഫരീദാബാദിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഗുരതരമായതിനാല്‍ ഗുരുഗ്രാമിലെ മെദാന്ത മെഡിസിറ്റിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേയില്‍ പശുക്കടത്തുകാരുടെ വാഹനത്തെ പിന്തുടരുന്നതിനിടെയാണ് സംഭവമെന്ന് നൂഹ് പോലിസ് സൂപ്രണ്ട് നരേന്ദ്ര ബിജാര്‍ണിയ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കുമെന്നും പരിക്കേറ്റ സോനു ചികില്‍സയിലാണെന്നും ബിജാര്‍നിയ പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ 4:45 ഓടെ ഗോസംരക്ഷകരെന്ന് അവകാശപ്പെടുന്ന ഏഴംഗസംഘം പശുക്കടത്ത് ആരോപിച്ച് പിക്കപ്പ് ജീപ്പിനെ പിന്തുടരുന്നതിനിടെയാണ് സംഭവം. സംഘം പിന്തുടരുന്നതിനിടെ മൗചോപ്ത ഗ്രാമത്തിനടുത്തുള്ള റോഡില്‍ പിക്ക്അപ്പ് ജീപ്പ് മറിഞ്ഞു. ഇതിനുശേഷം വാഹനത്തിലുണ്ടാവര്‍ ഓടിരക്ഷപ്പെട്ടെന്നും ഒരാളെ പിടികൂടിയെന്നും ഗോരക്ഷാ സംഘാംഗം ചമന്‍ ഖതാന പറഞ്ഞു. സോനു മറ്റൊരാളെ പിടികൂടിയപ്പോള്‍ കന്നുകാലി കടത്ത് സംഘമാണ് വെടിയുതിര്‍ത്തതെന്നും വയറ്റില്‍ വെടിയേറ്റ സോനുവിന് ഗുരുതരമായി പരിക്കേറ്റതായും ചമന്‍ ഖതാന പറഞ്ഞു. വിവരമറിഞ്ഞ് മേദാന്ത ആശുപത്രിക്കു മുന്നില്‍ ഹിന്ദുത്വര്‍ തടിച്ചുകൂടി. സംഭവത്തില്‍ പ്രതിഷേധിച്ച സംഘം 'പശു സംരക്ഷകര്‍'ക്ക് സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടു. ഗോരക്ഷകസംഘത്തിന് ലൈസന്‍സുള്ള ആയുധങ്ങള്‍ ലഭ്യമാക്കണമെന്ന് ഹിന്ദുത്വ നേതാവ് കുല്‍ഭൂഷണ്‍ ഭരദ്വാജ് ആവശ്യപ്പെട്ടു.

Tags:    

Similar News