ജാമിഅ വെടിവെപ്പ്; തോക്ക് വിറ്റയാള്‍ അറസ്റ്റില്‍, നല്‍കിയത് 10,000 രൂപയ്‌ക്കെന്ന് പോലിസ്
ഉത്തര്‍പ്രദേശിലെ ജെവാര്‍ സ്വദേശിയായ അജിത്താണ് പിടിയിലായത്. 10,000 രൂപയ്ക്കാണ് ഇയാള്‍ പ്രതിക്ക് തോക്കു വിറ്റതെന്നും പോലിസ് പറഞ്ഞു.
ന്യൂഡല്‍ഹി: ജാമിഅ മിലിയ സര്‍വകലാശാലയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്കു നേരെ പ്രകോപനമേതുമില്ലാതെ വെടിയുതിര്‍ത്ത 17കാരന് തോക്ക് വിറ്റയാള്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ജെവാര്‍ സ്വദേശിയായ അജിത്താണ് പിടിയിലായത്. 10,000 രൂപയ്ക്കാണ് ഇയാള്‍ പ്രതിക്ക് തോക്കു വിറ്റതെന്നും പോലിസ് പറഞ്ഞു. രണ്ട് വെടിയുണ്ടകളും ഇയാള്‍ തന്നെയാണ് അക്രമിക്ക് നല്‍കിയത്. ബന്ധുവിന്റെ വിവാഹ സല്‍ക്കാരത്തിന് വെടിയുതിര്‍ത്ത് ആഘോഷിക്കാനാണെന്നാണ് പറഞ്ഞാണ് ഇയാള്‍ തോക്കും വെടിയുണ്ടകളും വാങ്ങിയതെന്ന് പോലിസ് പറയുന്നു. അതേസമയം, ഇയാള്‍ ഒരു തവണയാണ് പ്രതിഷേധക്കാര്‍ക്കു നേരെ നിറയൊഴിച്ചത്. സംഭവത്തില്‍ കശ്മീരില്‍നിന്നുള്ള ഷദബ് ഫറൂഖ് എന്ന വിദ്യാര്‍ത്ഥിക്ക് കൈക്ക് പരിക്കേറ്റിരുന്നു.
അവശേഷിച്ച വെടിയുണ്ട അക്രമിയില്‍നിന്ന് പോലിസ് പിടികൂടിയിരുന്നു. നിങ്ങള്‍ എന്നെങ്കിലും തന്നെപറ്റി അഭിമാനിച്ചിട്ടുണ്ടോ? ഇന്നു മുതല്‍ അതുണ്ടാവും എന്നു സഹോദരിയോട് പറഞ്ഞാണ് ഇയാള്‍ വീട്ടില്‍നിന്നിറങ്ങിയത്.സ്‌കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞ്് വീട്ടില്‍നിന്നിറങ്ങിയ അക്രമി നേരേ പോയത് ഡല്‍ഹിയിലേക്കായിരുന്നു.
ശാഹീന്‍ ബാഗിലേക്കുള്ള വഴി അറിയാതിരുന്ന ഇയാള്‍ ഓട്ടോയിലാണ് സംഭവ സ്ഥലത്തെത്തിയത്. റോഡ് അടച്ചതിനാല്‍ ഷഹീന്‍ ബാഗിലേക്ക് പോകാനാകില്ലെന്ന് അറിയിച്ച ഓട്ടോ ഡ്രൈവര്‍ നടന്നു പോവാന്‍ നിര്‍ദേശിക്കുകയാരുന്നു. തുടര്‍ന്ന് ജാമിഅയിലെത്തിയ ഇയാള്‍ പ്രതിഷേധക്കാര്‍ക്കൊപ്പം ചേര്‍ന്നു. ഒരു മണിക്കൂറിന് ശേഷം ഇയാള്‍ ഫേസ്ബുക്കില്‍ ലൈവില്‍ വിന്നിരുന്നു. തൊട്ടുപിന്നാലെ തോക്ക് പുറത്തെടുത്ത് പ്രതിഷേധക്കാര്‍ക്കുനേരെ ആക്രോശിക്കുകയും വെടിയുതിര്‍ക്കുകയുമായിരുന്നു. നൂറു കണക്കിന് പോലിസുകാര്‍ നോക്കി നില്‍ക്കെയായിരുന്നു ഇയാളുടെ പരാക്രമം.
പ്രതിഷേധകര്‍ക്ക് നേരെ വെടിവയ്ക്കാനെത്തിയ ഇയാള്‍ തൊട്ടുമുമ്പ് നല്‍കിയ അവസാന ഫേസ്ബുക്ക് പോസ്റ്റില്‍ താന്‍ നേരിടാന്‍ പോകുന്ന ഭവിഷ്യത്ത് മനസ്സിലാക്കിയാണ് നടപടിയെന്ന് വ്യക്തമാകുന്നു. ''തന്റെ അവസാനയാത്രയില്‍, തന്നെ കാവി വസ്ത്രം പുതയ്ക്കുക, ജയ് ശ്രീ റാം മുഴക്കുക'' എന്നും ഇയാള്‍ പറഞ്ഞിരുന്നു.