23 നദികള്‍ ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടു, ഡല്‍ഹിയില്‍ യമുന നദിക്ക് ജീവന്‍ നിലനിര്‍ത്താന്‍ കഴിയുന്നില്ല: പാര്‍ലമെന്ററി പാനല്‍ റിപോര്‍ട്ട്

Update: 2025-03-13 10:40 GMT
23 നദികള്‍ ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടു, ഡല്‍ഹിയില്‍ യമുന നദിക്ക് ജീവന്‍ നിലനിര്‍ത്താന്‍ കഴിയുന്നില്ല: പാര്‍ലമെന്ററി പാനല്‍ റിപോര്‍ട്ട്

ന്യൂഡല്‍ഹി: യമുന നദിയിലെ മലിനീകരണതോത് ഗണ്യമായി വര്‍ധിച്ചെന്നും നദിക്ക് ജീവന്‍ നിലനിര്‍ത്താനുള്ള ശേഷിയില്ലെന്നും പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ റിപോര്‍ട്ട്. ഡല്‍ഹിയിലെ ആറ് പ്രദേശങ്ങള്‍ ഉള്‍പ്പെടെ, നിരീക്ഷിച്ച 33 സ്ഥലങ്ങളില്‍ 23 എണ്ണവും പ്രാഥമിക ജല ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് റിപോര്‍ട്ട് പറയുന്നു.

യമുനയുടെ ആവാസവ്യവസ്ഥയില്‍ മലിനീകരണം ചെലുത്തുന്ന ആഘാതം സമിതി എടുത്തുകാണിച്ചു.ഓക്‌സിജന്റെ അഭാവം ജലജീവികളെ സാരമായി ബാധിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. ആഗ്രയിലും മഥുരയിലും തീരത്ത് മല്‍സ്യങ്ങള്‍ ചത്തൊടുങ്ങിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

യമുന നദീതടങ്ങളിലെ കൈയേറ്റങ്ങളെക്കുറിച്ച് പാനല്‍ പ്രത്യേക ആശങ്കകള്‍ ഉന്നയിച്ചു. ഡല്‍ഹിയും ഹരിയാനയും കൈയേറ്റങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയപ്പോള്‍, ഉത്തര്‍പ്രദേശും ഉത്തരാഖണ്ഡും ഇതുവരെ പൂര്‍ണ്ണമായ വിവരങ്ങള്‍ നല്‍കിയിട്ടില്ലെന്നും പാനല്‍ വ്യക്തമാക്കി. യമുനയിലേക്ക് സംസ്‌കരിക്കാത്ത മാലിന്യങ്ങള്‍ ഒഴുക്കിവിടുന്ന അനധികൃത വ്യാവസായിക യൂണിറ്റുകളെക്കുറിച്ചുള്ള ഒരു വിവരവും ലഭ്യമല്ലെന്ന് പാനല്‍ ചൂണ്ടിക്കാട്ടി.

നദിയിലെ ഓക്‌സിജന്റെ അളവ് ഏതാണ്ട് പൂര്‍ണമായും ഇല്ലാതായി കൊണ്ടിരിക്കുകയാണെന്നും ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും മലിനജല സംസ്‌കരണ പ്ലാന്റുകളുടെ (എസ്ടിപി) നിര്‍മ്മാണവും നവീകരണവും നടത്തിയിട്ടും മലിനീകരണ തോത് ആശങ്കാജനകമാം വിധം ഉയര്‍ന്ന നിലയില്‍ തുടരുകയാണെന്ന് പാനല്‍ മുന്നറിയിപ്പ് നല്‍കി.

മലിനീകരണം പരിഹരിക്കുന്നതിനും നദിയുടെ ആരോഗ്യം പുനഃസ്ഥാപിക്കുന്നതിനും എല്ലാവരില്‍ നിന്നും കൂട്ടായ പങ്കാളിത്തം ഉണ്ടാകണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. നിരീക്ഷിച്ച 33 സ്ഥലങ്ങളില്‍ ഉത്തരാഖണ്ഡിലെ നാലെണ്ണവും ഹിമാചല്‍ പ്രദേശിലെ നാലെണ്ണവും മാത്രമാണ് പ്രാഥമിക ജല ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിച്ചതെന്നും കമ്മിറ്റി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News