എത്ര ദിവസം ബാക്കിയുണ്ടെന്ന് ആരും ഓര്‍മിപ്പിക്കണ്ട; സര്‍ക്കാര്‍ സ്വന്തം നിലക്ക് പ്രവര്‍ത്തിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത

ന്യൂഡല്‍ഹി: സര്‍ക്കാര്‍ സ്വന്തം നിബന്ധനകള്‍ പാലിച്ചുകൊണ്ട് പ്രതിജ്ഞാബദ്ധമായി മുന്നോട്ട് പോകുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത. സ്ത്രീകള്‍ക്ക് വാഗ്ദാനം ചെയ്ത 2,500 രൂപ പ്രതിമാസ ധനസഹായം വേഗത്തില്‍ നടപ്പിലാക്കണമെന്ന ആംആദ്മി പാര്‍ട്ടിയുടെ സമ്മര്‍ദ്ദങ്ങള്‍ക്കിടെയാണ് പ്രതികരണം.
''എത്ര ദിവസം ബാക്കിയുണ്ടെന്ന് ആരും നമ്മെ ഓര്‍മ്മിപ്പിക്കേണ്ടതില്ല. നമ്മുടെ അജണ്ട അനുസരിച്ച് നമ്മള്‍ പ്രവര്‍ത്തിക്കും'' എന്നായിരുന്നു രേഖ ഗുപ്ത പറഞ്ഞത്. ആരോഗ്യം, സുരക്ഷ, സാമ്പത്തിക ശാക്തീകരണം എന്നിവയുള്‍പ്പെടെ വിവിധ വിഷയങ്ങള്‍ ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. ബജറ്റില്‍ സ്ത്രീകള്‍ പ്രതീക്ഷിക്കുന്ന എല്ലാ കാര്യങ്ങളും വിശദമായി ചര്‍ച്ച ചെയ്‌തെന്നും അവര്‍ കൂട്ടിചേര്‍ത്തു.
അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്ക് പ്രതിമാസം 2,500 രൂപ ധനസഹായം നല്‍കുമെന്നായിരുന്നു ബിജെപി സര്‍ക്കാരിന്റെ വാഗ്ദാനം. മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാദിനം വരാനിരിക്കെ ഇന്നലെ ,ആം ആദ്മി പ്രവര്‍ത്തകര്‍ 'മൂന്ന് ദിവസം കൂടി മാത്രം' എന്ന സന്ദേശവുമായി ഡല്‍ഹിയിലുടനീളം പോസ്റ്ററുകള്‍ സ്ഥാപിച്ചു. ചൊവ്വാഴ്ച, പ്രതിപക്ഷ നേതാവ് അതിഷിയുടെ നേതൃത്വത്തില്‍ ആം ആദ്മി പ്രവര്‍ത്തകര്‍ മാണ്ഡി ഹൗസ് മെട്രോ സ്റ്റേഷന് പുറത്ത് പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു.