ന്യൂഡല്‍ഹി: 2020ല്‍ ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ സമരം ചെയ്തവര്‍ക്ക് നേരേ വെടിയുതിര്‍ത്ത രാംഭക്ത് ഗോപാല്‍ ശര്‍മ കുട്ടികളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നു. ഹരിയാനയിലെ മേവാത് റോഡിലാണ് സംഭവം നടന്നതായി വീഡിയോയില്‍ നിന്ന് വ്യക്തമാവുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഗോപാല്‍ ശര്‍മ തന്നെയാണ് വീഡിയോ പുറത്തുവിട്ടത്. ഒരു എസ്‌യുവി കാറിന്റെ ഗ്ലാസ് താഴ്ത്തിയശേഷം ഗോപാല്‍ ശര്‍മ റോഡുവക്കില്‍ നില്‍ക്കുന്ന കുട്ടികള്‍ക്ക് നേരേ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. കുട്ടികള്‍ക്ക് മുന്നിലെത്തുമ്പോള്‍ കാര്‍ നിര്‍ത്തുകയും തോക്ക് ചൂണ്ടുകയും ചെയ്യുന്നു.
അപ്പോള്‍ കുട്ടികള്‍ പ്രാണരക്ഷാര്‍ഥം ഓടിരക്ഷപ്പെടുന്നു. വീടുകള്‍ക്ക് മുന്നില്‍ നിര്‍ക്കുന്നവര്‍ തോക്കില്‍ നിന്ന് രക്ഷപ്പെടാന്‍ വീതില്‍ അടയ്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്- 'ഗൗ രക്ഷാ ദള്‍, മേവാത് റോഡ്, ഹരിയാന' എന്ന് ഹിന്ദിയിലുള്ള അടിക്കുറിപ്പുമായാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. മുഹമ്മദ് സുബൈര്‍ എന്നയാള്‍ ഈ വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, വീഡിയോക്കെതിരേ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമുയര്‍ന്നതിനെത്തുടര്‍ന്ന് ഇയാളുടെ ട്വിറ്റര്‍ അക്കൗണ്ട് പ്രൈവറ്റാക്കിയിരിക്കുകയാണ്. മറ്റൊരു വീഡിയോയില്‍ ഒരുകൂട്ടം ആളുകള്‍ പിസ്റ്റളുകള്‍ ചൂണ്ടി ഒരു യുവാവിനെ കാറിന്റെ പിന്‍സീറ്റിലേക്ക് വലിച്ചിഴക്കുന്നതാണുള്ളത്. ഇയാള്‍ നിലത്ത് കിടന്ന് രക്ഷപ്പെടാന്‍ വിഫലശ്രമം നടത്തുന്നുമുണ്ട്. ഒരുകൂട്ടമാളുകള്‍ അയാളുടെ കൈകളും കാലുകളും പിടിച്ച് അവനെ പിന്‍സീറ്റില്‍ എറിയാനായി ഉയര്‍ത്തുന്നു.
പശുവിനെ കടത്തുന്നയാളെ കൊണ്ടുപോവുന്നു എന്ന അടിക്കുറിപ്പോടെയാണ് ഗോപാല്‍ ശര്‍മ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 2020 ല്‍ ജാമിഅ മില്ലിയ സര്‍വകലാശാലയ്ക്ക് സമീപം പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിന് നേരെ വെടിയുതിര്‍ത്തതിന്റെ പേരില്‍ ഇയാളെ പോലിസ് അറസ്റ്റുചെയ്തിരുന്നു.പിന്നീട് ഇയാള്‍ക്ക് ജാമ്യം ലഭിച്ചു. അന്ന് അദ്ദേഹത്തിന് 17 വയസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് കഴിഞ്ഞ വര്‍ഷം പട്ടൗഡിയില്‍ നടന്ന മഹാപഞ്ചായത്തില്‍ മുസ് ലിം സമുദായത്തിനെതിരെ വര്‍ഗീയ പ്രസംഗം നടത്തിയതിന് ഇയാള്‍ വീണ്ടും അറസ്റ്റിലായി. പിന്നീട് ഗോപാലിന് ഹരിയാന കോടതി ജാമ്യം അനുവദിച്ചു.
ഹരിയാനയിലെ പട്ടൗഡിയില്‍ വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ് ദള്‍, ഗ്രാമമുഖ്യന്മാര്‍, വിവിധ ഗോരക്ഷാ സംഘങ്ങള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ മഹാപഞ്ചായത്ത് സംഘടിപ്പിച്ചത്. മതപരിവര്‍ത്തനം, ലൗ ജിഹാദ്, ജനസംഖ്യാ നിയന്ത്രണം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു മഹാപഞ്ചായത്ത് വിളിച്ചുകൂട്ടിയത്. ചടങ്ങില്‍ ബിജെപി ഹരിയാന സംസ്ഥാന ഘടകം വക്താവും കര്‍ണി സേനാ തലവനുമായ സുരാജ് പാല്‍ അമുവും മുസ്‌ലിം വിദ്വേഷ പ്രസംഗം നടത്തിയിരുന്നു. നൂറോളം പൊലീസുകാരെ സാക്ഷിനിര്‍ത്തിയായിരുന്നു ഇത്.