കോട്ടയം: പക്ഷിപ്പനി ബാധിച്ച് താറാവുകളെ നശിപ്പിച്ച വെച്ചൂര്‍, അയ്മനം, കല്ലറ, കുമരകം ഗ്രാമപ്പഞ്ചായത്തുകളിലെ കര്‍ഷകര്‍ക്ക് ധനസഹായമായി സംസ്ഥാന സര്‍ക്കാര്‍ 91.59 ലക്ഷം രൂപ അനുവദിച്ചു. രണ്ടുമാസത്തില്‍ താഴെ പ്രായമുള്ള താറാവുകള്‍ക്ക് നൂറുരൂപ നിരക്കിലും രണ്ടുമാസത്തിനു മുകളില്‍ പ്രായമുള്ളവയ്ക്ക് 200 രൂപ നിരക്കിലും സഹായം ലഭിക്കും. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി ജെ ചിഞ്ചുറാണി ധനസഹായ വിതരണം നിര്‍വഹിക്കും. മന്ത്രി വി എന്‍ വാസവന്‍ അധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി മുഖ്യപ്രഭാഷണം നടത്തും. തോമസ് ചാഴിക്കാടന്‍ എംപി, എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സി കെ ആശ, ജില്ലാ കലക്ടര്‍ ഡോ.പി കെ ജയശ്രീ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ ധന്യാ സാബു, സബിത പ്രേംജി, ഷൈല കുമാര്‍, കല്ലറ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ബൈജു, എഡിസിപി ജില്ലാ കോ-ഓഡിനേറ്റര്‍ ഡോ.ഷാജി പണിക്കശ്ശേരി എന്നിവര്‍ പങ്കെടുക്കും. ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. ഒ ടി തങ്കച്ചന്‍ റിപോര്‍ട്ട് അവതരിപ്പിക്കും. വെച്ചൂരില്‍ ഒമ്പതും അയ്മനത്ത് അഞ്ചും കുമരകത്ത് നാലും കല്ലറയില്‍ ഒന്നും വീതം താറാവ് കര്‍ഷകര്‍ക്ക് ധനസഹായം ലഭിക്കും.