കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് വികസനം: ആദ്യഘട്ടം ജനുവരിയില്‍ പൂര്‍ത്തിയാക്കും- മന്ത്രി ആന്റണി രാജു

Update: 2021-09-01 08:56 GMT

കോട്ടയം: കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിന്റെയും യാഡിന്റെയും ആദ്യഘട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ 2022 ജനുവരിയില്‍ പൂര്‍ത്തിയാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. മന്ത്രി വി എന്‍ വാസവനൊപ്പം ടെര്‍മിനലിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയും മന്ത്രിമാര്‍ക്കൊപ്പമുണ്ടായിരുന്നു. ടെര്‍മിനലും യാഡും പല ഘട്ടങ്ങളിലായാണ് പൂര്‍ത്തീകരിക്കുക. ടെര്‍മിലനിന്റെ ആദ്യഘട്ടമായി ആറായിരത്തോളം ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിച്ചു. ഇത് ഒന്നര മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

നിലവില്‍ ബസ് സ്റ്റാന്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടം രണ്ടാഴ്ചയ്ക്കുള്ളില്‍ പൊളിച്ചുമാറ്റും. ജീവനക്കാര്‍ക്കായി താത്കാലിക സംവിധാനം ഒരുക്കും. ഇപ്പോള്‍ ബസ് സ്റ്റാന്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് മൂന്നു നിലകളില്‍ ഒന്നരലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ യാഡ് നിര്‍മിക്കുന്നത്. ഇതിന്റെ ആദ്യ നില ജനുവരിയില്‍ പൂര്‍ത്തിയാകും. കെ.എസ്.ആര്‍.ടി.സി സംസ്ഥാനത്ത് ആദ്യമായി പ്രീ ഫാബ്രിക്കേറ്റഡ് നിര്‍മാണ രീതി പ്രയോജനപ്പെടുത്തുന്നത് കോട്ടയത്താണ്. നൂതനവും ചെലവു കുറഞ്ഞതുമായ ഈ രീതിയില്‍ വേഗത്തില്‍ നിര്‍മാണം പൂര്‍ത്തീകരിക്കാനുമാവും. ടെര്‍മിനലിന്റെയും യാഡിന്റെയും ആദ്യഘട്ടത്തിന് യഥാക്രമം 94 ലക്ഷം രൂപയും 97 ലക്ഷം രൂപയുമാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. എംഎല്‍എ ഫണ്ടില്‍നിന്നുള്ള തുകയാണ് ഇതിനായി വിനിയോഗിക്കുക.

കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന്റെ മതില്‍ പൊളിച്ച് സ്ഥലം വിട്ടുകൊടുത്ത് ആനന്ദ് തിയറ്ററിലേക്കുള്ള റോഡിന്റെ വീതി നിലവിലുള്ളതിന്റെ ഇരട്ടിയിലധികമാക്കും. കെഎസ്ആര്‍ടിസി ഗാരേജിലേക്ക് ബസ്സുകള്‍ കൊണ്ടുപോവുന്നതിനും ഈ വഴി പ്രയോജനപ്പെടുത്തും. രണ്ടാഴ്ചയിലൊരിക്കല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു. കോട്ടയത്തിന്റെ ദീര്‍ഘനാളായുള്ള കാത്തിരിപ്പാണ് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിന്റെയും യാഡിന്റെയും നിര്‍മാണത്തിലൂടെ സഫലമാകുന്നതെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. ബസ് ടെര്‍മിനലിന്റെയും യാഡിന്റെയും തുടര്‍ന്നുള്ള ഘട്ടത്തിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് കേരള ബാങ്കിന്റെ സാമ്പത്തിക പിന്തുണ ലഭ്യമാക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News