മന്ത്രി വി എന്‍ വാസവന്റെ നിലപാട് അപഹാസ്യം: കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍
കോട്ടയം: പ്രതിഷേധക്കാരെ ഭീകരരും പാലാ ബിഷപ്പിനെ പണ്ഡിതനുമാക്കുന്ന മന്ത്രി വി എന്‍ വാസവന്റെ നിലപാട് അപഹാസ്യമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ കോട്ടയം ജില്ലാ പ്രസിഡന്റ് എം ബി അമീന്‍ ഷാ. അനവസരത്തില്‍ പാലാ ബിഷപ്പിന്റെ ഭാഗത്തുനിന്ന് പ്രകോപനപരമായ പരാമര്‍ശമുണ്ടായിട്ടും പക്വതയില്ലാത്ത ഒരു വര്‍ത്തമാനം പോലും കേരളത്തിലെ മുസ്‌ലിം സമുദായ നേതൃത്വത്തിന്റെ ഭാഗത്തുനിന്നുമുണ്ടായില്ല. അവരവര്‍ ജീവിക്കുന്ന സമൂഹത്തെക്കുറിച്ചും അതിന്റെ മുന്നോട്ടുപോക്കിനെക്കുറിച്ചുമുള്ള നല്ല ധാരണയും മനുഷ്യസ്‌നേഹമുള്ളതുകൊണ്ടാണിത്.
ഇതര മനുഷ്യരെക്കുറിച്ചും ആ മനുഷ്യരുടെ സഹജീവിതത്തെക്കുറിച്ചുള്ള കരുതലാണ് പാണ്ഡിത്യമെന്ന് മന്ത്രി വി എന്‍ വാസവന്‍ മനസ്സിലാക്കണം. ബിഷപ്പിനെതിരേ കേസെടുക്കില്ലെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണ്. ഗുജറാത്ത് വംശഹത്യയ്ക്ക് മുമ്പ് ആസൂത്രിതമായി ഗുജറാത്തില്‍ മുസ്‌ലിം സമുദായത്തിനെതിരേ നിരന്തരമായി വിദ്വേഷവും വെറുപ്പും കുത്തിനിറയ്ക്കുന്ന ഗീബല്‍സിയന്‍ തന്ത്രം സംഘപരിവാര്‍ നടപ്പാക്കിയതിന്റെ അനന്തരഫലം ലോകം മുഴുവന്‍ കണ്ടതാണ്. അത് കേരളത്തിലും ആവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി മൗനാനുവാദം നല്‍കരുത്.
എം ബി അമീന്‍ഷാ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. വിദ്വേഷപ്രചാരകര്‍ക്കെതിരേ കേസെടുക്കുമെന്ന് പറയുന്ന മുഖ്യമന്ത്രിയും മന്ത്രി വി എന്‍ വാസവനും ആരാണ് വിദ്വേഷം പ്രചരിപ്പിക്കുന്നതെന്ന് വെളിപ്പെടുത്തണം. പ്രഫഷനല്‍ വിദ്യാര്‍ഥിനികളെ ന്യൂനപക്ഷ വര്‍ഗീയതയിലേക്ക് തള്ളിവിടുന്നുവെന്നുള്ള സിപിഎം ആരോപണം തെളിയിക്കാനും സര്‍ക്കാരിന് ബാധ്യതയുണ്ട്. പ്രതിഷേധ പ്രകടനം നടത്തിയ ഒരുവിഭാഗം ആളുകള്‍ക്കെതിരേ മാത്രം കേസെടുത്ത് സര്‍ക്കാര്‍ ഇരട്ടനീതി നടപ്പാക്കുന്നത് ആവര്‍ത്തിക്കുകയാണ്. മുസ്‌ലിം സമുദായത്തെ ലക്ഷ്യമാക്കി നടക്കുന്ന വിദ്വേഷപ്രചരണങ്ങളില്‍ ഇനി വിട്ടുവീഴ്ചയില്ലാതെ നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്ത പക്ഷം മറ്റു നിയമമാര്‍ഗങ്ങള്‍ സമുദായം സ്വീകരിക്കേണ്ടി വരുമെന്നും അദ്ദേഹം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.