ലോകായുക്ത നിയമം: നായനാര്‍ കൊണ്ടുവന്നത് പിണറായി കുഴിച്ചുമൂടുമ്പോള്‍

Update: 2022-08-31 18:29 GMT

നവാസ് കുന്നിക്കോട്

'ലം കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് ചാഞ്ഞാല്‍ മുറിക്കണം' ഇങ്ങനെ ഒരു ചൊല്ലുണ്ട് മലയാളത്തില്‍. നമ്മുടെ കേരള മുഖ്യന്‍ പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ അടുത്ത കാലത്തായി ചില വിഷയങ്ങളില്‍ കാട്ടുന്ന അനിയന്ത്രിത വെപ്രാളം കണ്ടപ്പോഴാണ് ഈ പഴമൊഴി ഓര്‍ത്തുപോയത്. അഴിമതി വച്ചുപൊറുപ്പിക്കില്ല, തന്റെ മന്ത്രിസഭയില്‍ അഴിമിക്കാരുണ്ടാവരുത് എന്നിങ്ങനെ നാഴികയ്ക്ക് നാല്‍പത് വട്ടം ആണയിടുന്ന പിണറായി തന്നെ അഴിമതി തുടച്ചുനീക്കാനുള്ള ഒരു നിയമത്തെ ഇല്ലായ്മ ചെയ്യുവാനായി ഉറക്കം കളഞ്ഞ് പണിയെടുക്കുകയാണ്. 1999 ല്‍ ഇ കെ നായനാര്‍ നേതൃത്വം കൊടുത്ത ഒരു ഇടതുപക്ഷ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തെയാണ് 22 വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു ഇടതുപക്ഷ സര്‍ക്കാര്‍തന്നെ കുഴിച്ചുമൂടാന്‍ ശ്രമിക്കുന്നത് എന്നത് ചരിത്രത്തിന്റെ വിധിവൈപരീത്യമാവാം.

ലോകായുക്ത നിയമം നടപ്പാക്കിയതിന്റെ ക്രെഡിറ്റ് ഏറ്റെടുത്തുകൊണ്ട് മാത്രമേ സിപിഎം ഇക്കാലമത്രയും സംസാരിച്ചിട്ടുള്ളൂ എന്നത് ആര്‍ക്കും വിസ്മരിക്കാവുന്നതല്ല. സിപിഎമ്മിന്റെ ഒരു സ്വകാര്യ അഹങ്കാരമായാണ് പലപ്പോഴും ഇതിനെ അവര്‍ അവതരിപ്പിച്ചത്. പാര്‍ട്ടി സെക്രട്ടറിയുടെ റോളിലും മുഖ്യമന്ത്രിയുടെ വേഷത്തിലുമെല്ലാം പിണറായിയും അത് കൃത്യമായി നിര്‍വഹിച്ചിട്ടുണ്ട് പലപ്പോഴും. 2019 ഡിസംബറില്‍ സിപിഎമ്മിന്റെ ജിഹ്വയായ ചിന്ത വാരികയില്‍ എഴുതിയ ലേഖനത്തില്‍ മറ്റ് ചിലതുകൂടി പറഞ്ഞുവച്ചു നമ്മുടെ മുഖ്യന്‍. അത് ഇങ്ങനെ വായിക്കാം. ''ഓംബുഡ്‌സ്മാനെക്കുറിച്ച് സാധാരണ പറയാറുള്ള ഒരു വിശേഷണം, കുരക്കാന്‍ മാത്രം കഴിയുന്ന, കടിക്കാന്‍ കഴിയാത്ത കാവല്‍നായ എന്നതാണ്. എന്നാല്‍, ഓംബുഡ്‌സ്മാന്റെ കേരള പതിപ്പായ ലോകായുക്തക്ക് വിപുലമായ അധികാരങ്ങള്‍ നിയമപരമായി നല്‍കിയിരിക്കുന്നു. ആവശ്യമെന്നു കണ്ടാല്‍ കടിക്കാനും കഴിയുന്ന ഒരു സംവിധാനമാണ് നമ്മുടെ ലോകായുക്ത.'

അഴിമതിക്കെതിരായ രാഷ്ട്രീയ ഇച്ഛാശക്തി എന്ന തലക്കെട്ടില്‍ പിണറായി വിജയന്‍ ആ ലേഖനത്തില്‍ എഴുന്നള്ളിച്ച മറ്റ് പല അവകാശവാദങ്ങളെയും വിസ്മരിച്ചുകൊണ്ട് അഴിമതിക്കാര്‍ക്ക് ചൂട്ടുപിടിക്കാന്‍ ശ്രമിക്കുന്നത് തന്റെ തലയ്ക്ക് മുകളില്‍ തൂങ്ങി ആടുന്ന 'ഡെമോക്ലീസിന്റെ വാളി' നെ സംബന്ധിച്ച് നല്ല ബോധ്യമുള്ളതുകൊണ്ടാണെന്ന് മനസ്സിലാക്കുവാന്‍ അങ്ങ് പാഴൂര്‍ പടിപ്പുര വരെ പോവേണ്ട ആവശ്യമൊന്നുമില്ല.

പൊതുപ്രവര്‍ത്തകരുടെയും ഉദ്യോഗസ്ഥരുടെയും അഴിമതി ചോദ്യം ചെയ്യാനുള്ള സാധാരണക്കാരന്റെ മികച്ച ഒരു ആയുധമായിരുന്നു ഈ നിയമം. 1998 നവംബര്‍ 15ന് നിലവില്‍ വന്ന കേരള ലോകായുക്ത നിയമപ്രകാരമാണ് ലോകായുക്ത രൂപീകരിച്ചത്. പൊതുപ്രവര്‍ത്തകരുടെയോ ഉദ്യോഗസ്ഥരുടെയോ അഴിമതി, സ്വജനപക്ഷപാതം, പദവി ദുരുപയോഗം, മറ്റുള്ളവര്‍ക്ക് ഉപദ്രവമുണ്ടാക്കുന്ന നടപടികള്‍, വ്യക്തിപരമായോ മറ്റുള്ളവര്‍ക്കോ നേട്ടമുണ്ടാക്കാന്‍ വേണ്ടി സ്ഥാപിത താല്‍പര്യത്തോടെയുള്ള നടപടികള്‍, മനപ്പൂര്‍വം നടപടികള്‍ താമസിപ്പിക്കുക തുടങ്ങിയ ക്രമക്കേടുകളില്‍ സാധാരണക്കാരന് ലോകായുക്തയില്‍ പരാതികള്‍ നല്‍കാം.

മറ്റു സംസ്ഥാനങ്ങളിലെ ലോകായുക്തകള്‍ക്ക് ഇല്ലാതിരുന്ന ശക്തമായ പല അധികാരങ്ങളും കേരളത്തിലെ ലോകായുക്തയ്ക്കുണ്ടായിരുന്നു എന്നതായിരുന്നു ഏറ്റവും പ്രത്യേകത. അഴിമതി തെളിഞ്ഞാല്‍ കുറ്റാരോപിതനെ അധികാര സ്ഥാനത്ത് നിന്ന് നീക്കാന്‍ ലോകായുക്ത അധികൃതരോട് ശുപാര്‍ശ ചെയ്യും. അധികാരികള്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം. ഇനി തീരുമാനമെടുത്തില്ല എങ്കിലും മൂന്ന് മാസത്തെ കാലാവധി പൂര്‍ത്തിയാവുന്നതോടെ ലോകായുക്തയുടെ വിധി അംഗീകരിക്കപ്പെട്ടതായി കണക്കാക്കും. തത്വത്തില്‍ ലോകായുക്തയുടെ വിധിയോടെ തന്നെ കുറ്റാരോപിതന് പദവി നഷ്ടമമാകും എന്നതാണ് വസ്തുത. ലോകായുക്തയുടെ തീരുമാനത്തിന് അപ്പീലും സാധ്യമായിരുന്നില്ല. അതില്‍ ഇടപെടുന്നതിന് ഹൈക്കോടതിയുടെ അധികാരം പോലും പരിമിതമാണ്. മറ്റൊരു സര്‍ക്കാര്‍ ഏജന്‍സിക്കോ കോടതിക്ക് പോലുമോ ഇല്ലാത്ത അധികാരമാണിത്.

എന്നാല്‍, പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ പോലും അവഗണിച്ചുകൊണ്ടാണ് ഈ നിയമത്തെ ഭേദഗതി ചെയ്തുകൊണ്ടുള്ള ബില്ല് നിയമസഭയില്‍ അവതരിപ്പിച്ചിരിക്കുന്നത്. അഴിമതിക്കേസില്‍ ലോകായുക്ത വിധിയോടെ പൊതുപ്രവര്‍ത്തകര്‍ പദവി ഒഴിയണമെന്ന നിയമത്തിലെ പതിനാലാം വകുപ്പാണ് ഭേദഗതിയിലൂടെ എടുത്ത് കളഞ്ഞിരിക്കുന്നത്. ഭേദഗതി ചെയ്ത ബില്ല് നിയമമാകുന്നതോടെ ലോകായുകതയുടെ വിധിയില്‍ പുനപരിശോധനക്കുള്ള അവസരം സര്‍ക്കാറിന് സാധ്യമാകും. മുഖ്യമന്ത്രിക്കെതിരെ ലോകായുക്ത ഒരു ഉത്തരവ് പുറപ്പെടുവിക്കുകയാണെങ്കില്‍ അത് നിയമസഭ പുനപരിശോധിക്കും. മന്ത്രിമാര്‍ക്ക് എതിരെ ആരോപണങ്ങള്‍ ഉയരുകയും ലോകായുക്ത നടപടിക്ക് ശുപാര്‍ശ നല്‍കുകയും ചെയ്താല്‍ മുഖ്യമന്ത്രി ആ വിധി പുനപരിശോധന നടത്തി 'സഹായിക്കും'. എംഎല്‍എമാര്‍ക്കെതിരായ വിധികളില്‍ സ്പീക്കര്‍ക്കും തീരുമാനം എടുക്കാന്‍ സാധിക്കും. അതായത് ഭരണകക്ഷിക്കെതിരായ അഴിമതിയില്‍ അതേ സര്‍ക്കാര്‍തന്നെ തീരുമാനമെടുക്കും എന്നര്‍ഥം. സര്‍ക്കാറും മുഖ്യമന്ത്രിയും കാര്യങ്ങള്‍ തീരുമാനിക്കുമ്പോള്‍ സ്വാഭാവികമായും കക്ഷിരാഷ്ട്രീയ പക്ഷപാതിത്വം കടന്നുവരും. ഭരിക്കുന്ന പാര്‍ട്ടിയുടെ അനുഭാവികളും അവരുടെ ഇഷ്ടക്കാരുമാകും സ്വാഭാവികമായും പ്രതിസ്ഥാനത്ത് വരിക. പിന്നെ പുനപരിശോധനയില്‍ തീരുമാനം എന്താകും എന്ന് പറയേണ്ടതില്ലല്ലോ?

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ബന്ധുനിയമനവുമായി ബന്ധപ്പെട്ട് കെ ടി ജലീലിനെതിരേ ഉണ്ടായ ലോകായുക്ത വിധി ഏറെ രാഷ്ട്രീയ കോളിളക്കങ്ങള്‍ സൃഷ്ടിച്ചിരുന്നു. രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായ കെടി ജലീല്‍ ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. അഴിമതിക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ഇടക്കിടെ പ്രഖ്യാപിച്ചവര്‍ ജലീലിന് സുരക്ഷാകവചം നല്‍കാന്‍ ഏറെ പാടുപെട്ടു. സര്‍ക്കാരിന് ഏറെ നാണക്കേടുണ്ടായ ഒരു സംഭവമായിരുന്നു ഇത്. ഈ ഭേദഗതിക്ക് ശേഷമായിരുന്നു ഈ വിധിയെങ്കില്‍ തീരെ വിയര്‍ക്കാതെ പ്രശ്‌നം പരിഹരിച്ച് ഇമേജ് നിലനിര്‍ത്താന്‍ സര്‍ക്കാറിന് സാധിക്കുമായിരുന്നു. ഈ അനുഭവം നല്‍കിയതില്‍ നിന്നുള്ള പാഠമാണ് ഇനി ഒരു മന്ത്രിക്കും ഈ ഗതിവരരുത് എന്ന 'ദീര്‍ഘ വീക്ഷണത്തോടെ' കാര്യങ്ങളെ സമീപിക്കേണ്ട ഗതികേടിലേക്ക് സര്‍ക്കാരിനെ നയിച്ചത്.

2020 ഡിസംബറിലാണ് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള നിര്‍ദേശപ്രകാരം നിയമം ഭേദഗതി ചെയ്യുന്നതിനെ പറ്റിയുള്ള ചര്‍ച്ചകള്‍ തുടങ്ങിയത്. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന തരത്തില്‍ മുഖ്യമന്ത്രിക്കെതിരെയും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെതിരെയും ചില കേസുകള്‍ ലോകായുകതയുടെ പരിഗണനയിലുണ്ട് എന്നതാണ് സര്‍ക്കാരിനെ ഇത്തരം ഒരു നീക്കത്തിന് നിര്‍ബന്ധിക്കുന്നത്. ദുരിതാശ്വാസ നിധി വകമാറ്റിയതുമായി ബന്ധപ്പെട്ട് മൂന്ന് കേസുകള്‍ മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയിലുണ്ട്.

അന്തരിച്ച എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്റെ മക്കളുടെ വിദ്യാഭ്യാസത്തിനു 25 ലക്ഷം നല്‍കി, അന്തരിച്ച എംഎല്‍എ രാമചന്ദ്രന്‍ നായരുടെ കാറിന്റെ വായ്പ അടയ്ക്കാനും സ്വര്‍ണപ്പണയ വായ്പ എടുക്കാനും 8.5 ലക്ഷം നല്‍കി, കോടിയേരി ബാലകൃഷ്ണന്റെ സുരക്ഷയില്‍ ഉള്‍പ്പെട്ട പോലിസുകാരന്‍ അപകടത്തില്‍പെട്ടപ്പോള്‍ കുടുംബത്തിന് 20 ലക്ഷം നല്‍കി. ഇതൊക്കെയാണ് മുഖ്യമന്ത്രിക്കെതിരെയുള്ള കേസുകള്‍. ഈ പണമെല്ലാം സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് ചെലവഴിച്ചത് എന്നതാണ് സര്‍ക്കാരിനെ വേട്ടയാടുന്ന ഏറ്റവും വലിയ കാര്യം.

ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെതിരെയുളള കേസ് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ടതാണ്. ഈ നിയമനത്തില്‍ മന്ത്രി കൊടുത്ത രണ്ട് കത്തുകളും നിയമവിരുദ്ധവും സ്വജനപക്ഷപാതവുമാണെന്നുമാണ് ആരോപണം. ഈ കേസുകളിലെല്ലാം ലോകായുക്തയ്ക്ക് ഇടപെടാനുള്ള അവസരം നല്‍കിയാല്‍ അത് സ്വന്തം ശവക്കുഴി തോണ്ടുന്നതിന് സമാനമാണെന്ന് സര്‍ക്കാരിന് നന്നായി അറിയാം. അതുകൊണ്ട് തന്നെയാണ് തന്റെ നായ ഇനി ആരെയും കടിക്കേണ്ട എന്ന് തീരുമാനിക്കേണ്ടിവരുന്നത്.

Tags:    

Similar News