മലപ്പുറത്തിനെതിരായ 'രാജ്യവിരുദ്ധ' അഭിമുഖം: മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നത് സിപിഎം മുന്‍ എംഎല്‍എയുടെ മകന്‍

Update: 2024-10-02 10:48 GMT

ന്യൂഡല്‍ഹി: മലപ്പുറം ജില്ലയെ ഭീകരവല്‍ക്കരിക്കുന്ന വിധത്തില്‍ 'രാജ്യവിരുദ്ധ' പരാമര്‍ശം അടങ്ങിയ അഭിമുഖം നടത്തിയപ്പോള്‍ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നത് സിപിഎം മുന്‍ എംഎല്‍എയുടെ മകന്‍. 'ദി ഹിന്ദു' ദിനപത്രം നല്‍കിയ വിവാദ അഭിമുഖം പുറത്തായതിനു പിന്നാലെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. ഡല്‍ഹിയിലെ കേരളാ ഹൗസില്‍ പരസ്യ ഏജന്‍സി കമ്പനിയായ കൈസന്‍ ഗ്രൂപ്പിന്റെ സിഇഒയും ഉണ്ടായിരുന്നതായി വിവരം. സിപിഎം മുന്‍ എംഎല്‍എ ടി കെ ദേവകുമാറിന്റെ മകന്‍ ടി ഡി സുബ്രഹ്മണ്യനാണ് കൂടെയുണ്ടായിരുന്നത്. കൈസന്‍ ഗ്രൂപ്പുമായി സഹകരിക്കുന്ന റിലയന്‍സ് ജീവനക്കാരനാണ് ഇദ്ദേഹം. മലപ്പുറത്തെ സ്വര്‍ണക്കടത്ത്-ഹവാല പണം എന്നിവയെ കുറിച്ചുള്ള കാര്യങ്ങള്‍ അഭിമുഖത്തില്‍ ഇയാളാണെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ അഭിമുഖത്തിനായി രണ്ട് പ്രധാന പത്രങ്ങളെയും പിആര്‍ ഏജന്‍സി സമീപിച്ചിരുന്നു. കൈസന്‍ ഗ്രൂപ്പിന്റെ സിഇഒ വിനീത് ഹാന്‍ഡെ തന്നെ അഭിമുഖത്തില്‍ മുഴുവന്‍ സമയവും പങ്കെടുത്തതായാണ് വിവരം. ഏജന്‍സിയുടെ പൊളിറ്റിക്കല്‍ വിങിലുള്ള ടി ഡി സുബ്രഹ്മണ്യനാണ് അഭിമുഖത്തില്‍ ചേര്‍ക്കേണ്ട കൂടുതല്‍ വിവരങ്ങളെന്നു പറഞ്ഞ് മലപ്പുറത്തെ കുറിച്ച് സ്വര്‍ണക്കടത്ത്-ഹവാല വിവരങ്ങള്‍ അഭിമുഖം നടത്തിയ ദി ഹിന്ദു ഡെപ്യൂട്ടി എഡിറ്റര്‍ക്ക് നല്‍കിയത്. അഭിമുഖത്തില്‍ പറയാന്‍ വിട്ടുപോയതാണെന്നും ഇതു കൂടി വരേണ്ടതുണ്ടെന്നും സുബ്രഹ്മണ്യന്‍ പറഞ്ഞതായാണ് വിവരം. റിലയന്‍സ് കമ്പനിയില്‍ ജോലി ചെയ്യുന്ന ടി ഡി സുബ്രഹ്മണ്യന്‍ കൈസന്റെ ഇത്തരം പ്രൊജക്റ്റുകളുമായി സഹകരിക്കാറുണ്ട്. അതിനിടെ, മുഖ്യമന്ത്രി പിണറായി വിജയന്‍ തങ്ങളുടെ ക്ലയന്റ് അല്ലെന്ന് പറഞ്ഞ് വിശദീകരണം നല്‍കിയ കൈസന്റെ 75 ശതമാനം ഓഹരികളുമുള്ള കമ്പനിക്ക് റിലയന്‍സുമായി ബന്ധമുണ്ടെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെഞെടുപ്പ് കാലത്തും പിണറായിക്കായി ഏജന്‍സികള്‍ മാധ്യമങ്ങളെ സമീപിച്ചിരുന്നു. എന്നാല്‍, കൂടുതല്‍ പ്രതികരണങ്ങള്‍ക്കില്ലെന്നാണ് കൈസന്‍ ഗ്രൂപ്പിന്റെ പ്രതികരണം. കരാറിലടക്കമുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാല്ലെന്നും സര്‍ക്കാര്‍ വിശദീകരിക്കട്ടെയെന്നുമാണ് കൈസന്റെ നിലപാട്.

Tags:    

Similar News