
തിരുവനന്തപുരം: എഐയില്‍ നിലപാട് മാറ്റവുമായി സിപിഎം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദന്‍. എഐ ചൂഷണത്തിന് വഴിയൊരുക്കുമെന്നും ഇത് മുതലാളിത്ത രാജ്യങ്ങളില്‍ സമ്പത്ത് കുന്നു കൂടുന്നതിനു കാരണമെന്നായിരുന്നു പുതിയ പരാമര്‍ശം. എഐ സാങ്കേതികവിദ്യ കൈവശമുള്ളത് കുത്തക മുതലാളിമാരുടെ കയ്യിലാണെന്നും അത് വലിയ രീതിയില്‍ തൊഴിലില്ലായ്മ ഉണ്ടാക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. കേരളത്തിന്റെ സമ്പത്ത് 10 ശതമാനം ജനങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുകയാണെന്നും ഗോവിന്ദന്‍ പറഞ്ഞു.
നേരത്തെ എഐ സോഷ്യലിസത്തിലേക്കുള്ള പാതയാണെന്ന പരാമര്‍ശത്തില്‍ നിന്നും എന്തുകൊണ്ടാണ് നിലപാട് മാറ്റിയെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് നിലപാടില്‍ മാറ്റമില്ലെന്നും നിങ്ങള്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിക്കണമെന്നുമായിരുന്നു മറുപടി. സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തളിപ്പറമ്പ് ഏരിയ കമ്മിറ്റി ഓഫിസില്‍ ചുമര്‍ ശില്‍പ സ്മാരകം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു ഗോവിന്ദന്റെ സോഷ്യലിസ്റ്റ് പരാമര്‍ശം.