കോട്ടയത്ത് നവീകരിച്ച ഒപി, അത്യാഹിത വിഭാഗങ്ങള്‍ ഉദ്ഘാടനം ചെയ്തു

Update: 2020-09-23 16:20 GMT
കോട്ടയം: കോട്ടയം ജനറല്‍ ആശുപത്രിയില്‍ കൊവിഡ് രോഗികള്‍ക്കു മാത്രമായി ഡയാലിസിസ് യൂനിറ്റുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ കെ കെ ഷൈലജ പറഞ്ഞു. കോട്ടയം ജനറല്‍ ആശുപത്രിയില്‍ നവീകരിച്ച ഔട്ട് പേഷ്യന്റ്, അത്യാഹിത വിഭാഗങ്ങളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. രണ്ടു യൂനിറ്റുകളാണ് അടിയന്തിരമായി സ്ഥാപിക്കുക. വിപുല ചികില്‍സാ സംവിധാനങ്ങളോടെ രോഗീസൗഹൃദ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ജനങ്ങളുടെ വിശ്വാസം വര്‍ധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ എല്ലാ ആശുപത്രികളിലും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. കോട്ടയം ജില്ലയിലെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കാന്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

    ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2.5 കോടി രൂപ ചെലവഴിച്ചാണ് ഔട്ട് പേഷ്യന്റ് അത്യാഹിത വിഭാഗങ്ങള്‍ ആധുനിക സജ്ജീകരണങ്ങളോടെ നവീകരിച്ചത്. ജില്ലാ പഞ്ചായത്ത് 2.3 കോടി ചെലവിട്ടാണ് ഡിജിറ്റല്‍ മാമോഗ്രഫി യൂനിറ്റ് സജ്ജമാക്കിയത്. മാമോഗ്രഫി യൂനിറ്റിന്റെ ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ നിര്‍വഹിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ ഡിജിറ്റല്‍ മാമോഗ്രഫി യൂനിറ്റ് സ്ഥാപിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അധ്യക്ഷത വഹിച്ചു. തോമസ് ചാഴിക്കാടന്‍ എംപി വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യപ്രഭാഷണം നടത്തി. ജോസ് കെ മാണി എംപി ഓണ്‍ലൈനില്‍ സന്ദേശം നല്‍കി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിച്ചു.

    മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. പി ആര്‍ സോന, മുന്‍ എംഎല്‍എ വി എന്‍ വാസവന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. ശോഭാ സലിമോന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍മാരായ സഖറിയാസ് കുതിരവേലില്‍, ലിസമ്മ ബേബി, അംഗങ്ങളായ പി സുഗതന്‍, ബെറ്റി റോയ് മണിയങ്ങാട്ട്, ജയേഷ് മോഹന്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍. ബിന്ദുകുമാരി പങ്കെടുത്തു.

Renovated OP and emergency departments inaugurated in Kottayam




Tags:    

Similar News