കോട്ടയം: അപ്പാര്‍ട്ടുമെന്റുകള്‍ വില്‍ക്കുന്നതിനായി നിയമവിരുദ്ധമായി കൂപ്പണുകള്‍ അച്ചടിച്ച് നറുക്കെടുപ്പ് നടത്തുന്നതിന് ശ്രമിച്ച രണ്ടുപേര്‍ക്കെതിരേ നടപടി. ലോട്ടറി നിയന്ത്രണ നിയമത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ച പി എസ് സിനുമോള്‍, സി ബി ധനേശന്‍ എന്നിവര്‍ക്കെതിരേ പാമ്പാടി പോലിസില്‍ പരാതി നല്‍കിയതായും നറുക്കെടുപ്പ് നടത്താനുള്ള നീക്കം നിര്‍ത്തിവയ്പ്പിച്ചതായും ജില്ലാ ഭാഗ്യക്കുറി ഓഫിസര്‍ കെ എസ് അനില്‍ കുമാര്‍ അറിയിച്ചു.
രണ്ട് അപ്പാര്‍ട്ടുമെന്റുകള്‍ വില്‍ക്കുന്നതിനായി 3,000 രൂപയുടെ കൂപ്പണുകള്‍ അച്ചടിച്ച് വില്‍പ്പന നടത്തി ആഗസ്തില്‍ നറുക്കെടുപ്പ് നടത്താനുള്ള നീക്കമാണ് തടഞ്ഞത്. ലോട്ടറി നിയന്ത്രണ നിയമം- 1998, ഇന്ത്യന്‍ ശിക്ഷാനിയമം എന്നിവയിലെ വിവിധ വകുപ്പുകള്‍ അനുസരിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മാത്രമാണ് ലോട്ടറി നറുക്കെടുപ്പ് നടത്താന്‍ അധികാരമുള്ളൂവെന്ന് ജില്ലാ ഭാഗ്യക്കുറി ഓഫിസര്‍ അറിയിച്ചു. വ്യക്തികള്‍ അനധികൃതമായി നറുക്കെടുപ്പ് നടത്തുന്നത് ഒരുമാസം തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണ്. ഇത്തരം നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാ ഭാഗ്യക്കുറി ഓഫിസിനെ അറിയിക്കാം. ഫോണ്‍: 0481 2560756.