ലോക്കല്‍ പോലിസ് പീഡിപ്പിക്കുന്നു; യുപിയില്‍ 'വീട് വില്‍പ്പനയ്ക്ക്' വച്ച് പോലിസുകാരനും കുടുംബവും
ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ പോലിസുകാരുടെ നിരന്തരമായുളള പീഡനത്തെത്തുടര്‍ന്ന് വീടൊഴിഞ്ഞുപോവാന്‍ തയ്യാറെടുക്കുകയാണ് ഒരു കുടുംബം. പോലിസുകാരന് തന്നെയാണ് ലോക്കല്‍ പോലിസിന്റെ ഭാഗത്തുനിന്ന് തുടര്‍ച്ചയായി മോശം അനുഭവം നേരിടുന്നത്. ഇപ്പോള്‍ പോലിസുകാരനും കുടുംബവും 'വീട് വില്‍പ്പനയ്ക്ക്' എന്നെഴുതിയ പോസ്റ്റര്‍ പതിച്ചിരിക്കുന്നത് സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. ലഖ്‌നോവിലെ നാട്കൂര്‍ പ്രദേശത്ത് ഉത്തര്‍പ്രദേശ് പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി (യുപി-പിഎസി) കോണ്‍സ്റ്റബിള്‍ രാംദാസ് പ്രജാപതിയാണ് പോലിസിന്റെും സാമൂഹിക വിരുദ്ധരുടെയും പീഡനം ഭയന്ന് വീടൊഴിഞ്ഞുപോവാന്‍ തയ്യാറെടുക്കുന്നത്.
പോലിസിനെയും സാമൂഹിക വിരുദ്ധരെയും ഭയന്നതാണ് വില്‍പ്പനയ്ക്ക് കാരണമെന്ന് പോസ്റ്ററില്‍ പറയുന്നു. ചില സാമൂഹിക വിരുദ്ധരുടെ നിര്‍ദേശപ്രകാരം ലോക്കല്‍ പോലിസ് തന്റെ കുടുംബത്തെ തെറ്റായ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുത്തുകയാണെന്ന് അദ്ദേഹത്തിന്റെ ഭാര്യ പുഷ്പ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തന്റെ രണ്ട് ആണ്‍മക്കള്‍ക്കൊപ്പമാണ് ഈ വീട്ടില്‍ താമസിക്കുന്നത്. ചില പ്രാദേശിക ഗുണ്ടകള്‍ ഞങ്ങളുടെ വീട് ബലമായി കൈവശപ്പെടുത്താന്‍ ശ്രമിക്കുന്നു. തങ്ങളെ ഉപദ്രവിച്ചുകൊണ്ട് ലോക്കല്‍ പോലിസ് അവരെ സഹായിക്കുകയാണെന്നും അവര്‍ പറയുന്നു.
പിഎസി പോലിസുകാരന്റെ കുടുംബം മിക്കവാറും എല്ലാ ദിവസവും അയല്‍ക്കാരുമായി വഴക്കുണ്ടാക്കാറുണ്ടെന്ന് ബിജ്‌നോര്‍ പോലിസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് ഇന്‍സ്‌പെക്ടര്‍ രാജ്കുമാര്‍ പറഞ്ഞു. പരാതി നല്‍കിയാല്‍ വീട്ടുകാരെ പീഡിപ്പിക്കുന്നു. പോലിസിനെ സമ്മര്‍ദ്ദത്തിലാക്കാനാണ് കുടുംബം പോസ്റ്ററുകള്‍ സ്ഥാപിച്ചത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രദേശത്ത് താക്കൂര്‍ പട്രോളിങ് വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ലഖ്‌നോ പോലിസ് കമ്മീഷണര്‍ ഡി കെ താക്കൂര്‍ പറഞ്ഞു. വീടിന്റെ ഉടമയും കോണ്‍സ്റ്റബിളുമായ രാംദാസ് പ്രജാപതി നിലവില്‍ സീതാപൂരിലാണ് ജോലിചെയ്യുന്നത്.