ഡല്‍ഹിയില്‍ വീടിന് തീപിടിച്ച് പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ നാല് മരണം

Update: 2024-01-27 05:22 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീടിന് തീപിടിച്ച് ഒമ്പതു മാസം പ്രായമായ പിഞ്ചുകുഞ്ഞടക്കം നാല് പേര്‍ മരിച്ചു. രണ്ട് പേര്‍ ചികില്‍സയിലാണ്. തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 5.30ഓടെ ഡല്‍ഹിയിലെ ഷഹ്ദാര പ്രദേശത്തെ നാലു നില വീടിന് തീപിടിച്ചത്. അഞ്ച് അഗ്‌നിരക്ഷാ യൂനിറ്റെത്തിയാണ് തീ അണച്ചത്. വിവരമറിഞ്ഞെത്തിയ പോലിസ് നാട്ടുകാരുടെ സഹായത്തോടെ മൂന്ന് പേരെ പുറത്തെത്തിച്ചു. ഇതിന് ശേഷമാണ് അഗ്‌നിരക്ഷാ സേന എത്തിയത്. 28ഉം 40ഉം വയസുള്ള രണ്ട് സ്ത്രീകളും ഒമ്പത് മാസം പ്രായമായ ഒരു കുഞ്ഞും 17 വയസുള്ള ആണ്‍കുട്ടിയുമാണ് മരിച്ചത്. 16 വയസുള്ള ഒരു പെണ്‍കുട്ടിയും 70 വയസുള്ള സ്ത്രീയും ചികില്‍സയിലാണ്. വീടിന്റെ ഒന്നാം നിലയില്‍ സൂക്ഷിച്ചിരുന്ന റബര്‍കട്ടിങ് മെഷീന്‍ അടക്കമുള്ള ഉപകരണങ്ങള്‍ക്ക് തീപിടിച്ചാണ് അപകടം ഉണ്ടായതെന്നാണ് നിഗമനം. കെട്ടിടത്തിന്റ താഴത്തെ രണ്ടുനിലകളില്‍ കെട്ടിട ഉടമയായ ഭരത് സിങാണ് താമസിച്ചിരുന്നത്. മുകളിലത്തെ രണ്ടുനില വാടകയ്ക്ക് നല്‍കിയിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ഭരതിനെതിരേ കേസെടുത്തതായും ഡല്‍ഹി പോലിസ് അറിയിച്ചു.

Tags:    

Similar News