കൊറോണ നിയന്ത്രണം ലംഘിച്ച് കടക്കുന്നതിനിടെ കാട്ടുതീയില്‍പെട്ട് തേനിയില്‍ നാലുമരണം
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തോട്ടംതൊഴിലാളികളോട് കേരളത്തിലേക്ക് പോവരുതെന്നാണ് തമിഴ്‌നാട് നിര്‍ദേശം നല്‍കിയിരുന്നു
തേനി: കൊറോണ നിയന്ത്രണം ലംഘിച്ച് കേരളത്തിലേക്ക് കടക്കുന്നതിനിടെ തമിഴ്‌നാട്ടിലെ തേനിയില്‍ കാട്ടുതീയില്‍ കുടുങ്ങി നാലുപേര്‍ മരിച്ചു. തേനി ജില്ലയിലെ ബോഡിനായക്കനൂര്‍ താലൂക്കിലെ റസിങ്കപുരം സ്വദേശികളായ വിജയമണി, മഹേശ്വരി, മഞ്ജുള, മൂന്നുവയസ്സുകാരി കൃതിക എന്നിവരാണ് മരിച്ചത്. നാലുപേര്‍ പൊള്ളലേറ്റ് ചികില്‍സയിലാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇടുക്കി പൂപ്പാറയില്‍ നിന്ന് കാട്ടുപാത വഴി പോയ തോട്ടം തൊഴിലാളികളാണ് തീയില്‍ അകപ്പെട്ടത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തോട്ടംതൊഴിലാളികളോട് കേരളത്തിലേക്ക് പോവരുതെന്നാണ് തമിഴ്‌നാട് നിര്‍ദേശം നല്‍കിയിരുന്നു. ഇത് മറികടന്ന് അനധികൃതമായി കേരളത്തിലേക്ക് കടക്കുമ്പോഴാണ് കാട്ടുതീയില്‍ അകപ്പെട്ടത്.
ചൊവ്വാഴ്ചയുണ്ടായ കാട്ടുതീയില്‍ മൂന്ന് കുട്ടികളടക്കം എട്ടുപേരാണ് കുടുങ്ങിയത്. സംഘം കുന്നിനു മറുവശത്തെ കേരളത്തിലെ എസ്‌റ്റേറ്റുകളിലാണ് ജോലി ചെയ്യുന്നതെന്നാണ് തമിഴ്‌നാട് ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബസ് സര്‍വീസുകളില്ലാത്തതിനാല്‍ കുന്നുകളിലൂടെ നടന്ന് വീടുകളിലെത്താന്‍ ശ്രമിച്ചതായിരിക്കാമെന്നും അദ്ദേഹം ദി ന്യൂസ് മിനുട്ടിനോട് പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30ഓടെയാണ് കാട്ടുതീയില്‍ അകപ്പെട്ടവരുടെ ബന്ധുക്കളില്‍ നിന്ന് ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചത്. കേരളത്തിലെ പൂപ്പാറയില്‍ നിന്ന് രസിങ്കപുരത്തെ പശ്ചിമഘട്ട താഴ്‌വരയിലുള്ള ഗ്രാമത്തിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.