കാസര്‍ക്കോട്ട് കൊറോണയോ കലാപമോ..?; മാധ്യമപ്രവര്‍ത്തകന്റെ വിമര്‍ശന കുറിപ്പ്

Update: 2020-03-24 12:29 GMT

കാസര്‍കോഡ്: കൊറോണ വ്യാപനം തടയാനായി സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും കാസര്‍കോഡ് ജില്ല സമ്പൂര്‍ണമായും അടച്ചിടുകയും ചെയ്തതോടെ കാസര്‍കോഡ് സംഭവിക്കുന്ന കാര്യങ്ങളെ കുറിച്ചാണ് മാധ്യമപ്രവര്‍ത്തകനായ സൂപ്പി വാണിമേല്‍ തന്റെ ഫേസ്ബുക്കിലൂടെ വിവരിക്കുന്നത്. കാസര്‍ക്കോട്ട് എന്താണ് സംഭവിക്കൊകുന്നത്..?, കൊവിഡ് 19 ഭീഷണിയോ, കലാപമോ..? എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് കുറിപ്പില്‍ നിശിതവിമര്‍ശനമാണ് ഉന്നയിക്കുന്നത്.

സൂപ്പി വാണിമേലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കാസര്‍ക്കോട്ട് കൊറോണയോ കലാപമോ?

കാസര്‍ക്കോട്ട് എന്താണ്? കൊവിഡ് 19 ഭീഷണിയോ, കലാപമോ?

കലാപകാലം അനുസ്മരിപ്പിക്കുന്നതാണ് പോലിസ് സാന്നിധ്യം. അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സംഭവത്തെ തുടര്‍ന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടന്ന ജില്ലയാണ് കാസര്‍കോഡ്. പന്ത്രണ്ട് പേര്‍ കൊല്ലപ്പെട്ടു, അന്ന്. കേരളത്തിന്റെ നാനാദിക്കുകളില്‍ നിന്ന് പോലിസുകാരെയും ഉദ്യോഗസ്ഥരെയും വിന്യസിച്ച ആ കര്‍ഫ്യൂ നാളുകളിലെ പാതിരാത്രികളില്‍ ഇരമ്പിപ്പായുന്ന പോലിസ് ജീപ്പുകള്‍ക്കും അട്ടഹസിച്ചും ബൂട്ടുകള്‍ നിരത്തിലുരച്ചും വളയുന്ന കാക്കികള്‍ക്കും നടുവിലൂടെ തിരിച്ചറിയല്‍ കാര്‍ഡ് പരിചയാക്കി കൂസലില്ലാതെ നടക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിരുന്നു.

    പിന്നെയും പല ഘട്ടങ്ങളില്‍ കൊലപാതകങ്ങള്‍ക്കും കലാപങ്ങള്‍ക്കും കാസര്‍കോഡ് സാക്ഷിയായി. കുടകില്‍ നിന്ന് ഉപജീവനം തേടി വന്ന യുവാവിനെ അദ്ദേഹത്തിന്റെ തൊഴിലിടത്തിലെ പാര്‍പ്പിടത്തില്‍ കയറി വെട്ടിക്കൊന്നതായിരുന്നു ഒടുവിലത്തെ സംഭവം. ആ അഭിശപ്ത നാളുകള്‍ മറക്കുകയായായിരുന്നു നാട്. പോലിസ് രാജിന്റെ കെടുതികള്‍ ഏറെ അനുഭവിച്ച ജനങ്ങള്‍. എന്നിട്ടും ഇതാ നാടാകെ പോലിസ്! ഇന്ന് ജില്ലാ ആസ്ഥാന നഗരത്തില്‍ പത്രങ്ങള്‍ വിതരണം ചെയ്തില്ല. പോലിസ് മര്‍ദ്ദനമാണ് കാരണം. കൊവിഡ് 19 നേരിടാന്‍ ആരോഗ്യ പ്രവര്‍ത്തകരെയല്ലേ കൂടുതല്‍ നിയമിക്കേണ്ടത്? പകരം 1500 പോലിസുകാരേയും ഉന്നത ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടെന്ത്?

ആരോഗ്യ വകുപ്പിന്റെ പണി ആഭ്യന്തര വകുപ്പിനെയാണോ ഏല്‍പ്പിക്കേണ്ടത്?

    ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാത്ത ആളുകളെ കൈകാര്യം ചെയ്യാനാണ് പോലിസ് വിന്യാസം. അച്ചടക്കവും അനുസരണയും ഇല്ലാത്ത സമൂഹത്തെ അടക്കിനിറുത്താന്‍ സര്‍ക്കാറിന് മുന്നില്‍ മറ്റെന്തുണ്ട് മാര്‍ഗ്ഗം? അസാധാരണ സാഹചര്യമാണ് കേരളത്തില്‍ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അസാധാണയില്‍ അസാധാരണ സാഹചര്യമാണ് കാസര്‍കോട്ട് എന്ന് കാണാം. അതിതര സാധാരണമായ അവസ്ഥകള്‍ നിലനില്‍ക്കുന്ന പ്രദേശമാണ് കാസര്‍കോട് ജില്ല, വിശിഷ്യാ ചന്ദ്രഗിരി പുഴക്ക് വടക്കുള്ള ഭാഗം. ഈ പ്രദേശങ്ങള്‍ കര്‍ണാടകയില്‍ ലയിക്കണമെന്ന ശുപാര്‍ശയുള്ള ജസ്റ്റിസ് മഹാജന്‍ കമ്മീഷന്‍ റിപോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തള്ളിയിട്ടില്ല. കേരളത്തിലോ കര്‍ണാടകയിലോ എന്ന് തീര്‍ത്തും തിട്ടമില്ലായ്മ ആളുകളെ അലട്ടാതെയുമല്ല. കാല്‍ നൂറ്റാണ്ടാണ് ഒരു ജനതയുടെ മേല്‍ കേരള ഭരണകൂടം വിഷമഴ വര്‍ഷിച്ചത്. അതിന്റെ കെടുതികള്‍ തലമുറകള്‍ അനുഭവിക്കുകയാണ്. കൊറോണയുടെ പശ്ചാത്തലത്തില്‍ മാറ്റിവച്ചതാണ് എന്‍ഡോസള്‍ഫാന്‍ ഇരകളുടെ സമരം. ആ ഇരകളുടെ നോവും വേവും ഒപ്പിയെടുത്ത് നോവല്‍ രചിച്ച കാസര്‍ക്കോടിന്റെ സാഹിത്യകാരനെ പരസ്യാക്ഷേപം ചെയ്ത ബ്യൂറോക്രാറ്റിനെ കീഴാളര്‍ ബഹിഷ്‌കരിക്കുമ്പോഴാണ് അദ്ദേഹത്തിന് നിരത്തില്‍ ഇറങ്ങേണ്ടി വരുന്നത്.

    എന്‍ഡോസള്‍ഫാന്‍ പക്ഷ നിലപാടുകാരനായ മന്ത്രിയെ വരെ തിരുത്തിച്ച കാസര്‍ക്കോട്ടുകാരുടെ തലക്ക് മുകളില്‍ അങ്ങിനെ ഒരാളെ ഇരുത്താന്‍ സര്‍ക്കാറിന് കഴിയും. അനുസരിക്കാന്‍ സര്‍വ്വീസിലെ സുമനസ്സുകള്‍ ഒരുക്കമല്ലെങ്കില്‍ എന്ത് ചെയ്തുകളയുമെന്നാണ്? കാസര്‍ക്കോടിനപ്പുറം കേരളം ഇല്ലെന്നിരിക്കെ എങ്ങോട്ട് സ്ഥലം മാറ്റാനാണ്?. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ 2011ലെ ബജറ്റില്‍ പ്രഖ്യാപിച്ചതാണ് കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജ്. ഒപ്പം പ്രഖ്യാപിച്ച മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് 2013 സപ്തംബര്‍ ഒന്നിന് അന്നത്തെ മുഖ്യമന്ത്രി ഉദ്ഘാടനവും നടത്തി. കാസര്‍കോഡ് ഗവ. മെഡിക്കല്‍ കോളജിന് ഉക്കിനടുക്കയില്‍ നവംബര്‍ 30ന് ഉമ്മന്‍ ചാണ്ടി ശിലാസ്ഥാപനം നിര്‍വഹിച്ചു. കാസര്‍കോഡ് ഗവ. മെഡിക്കല്‍ കോളജ് കെട്ടിട നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചത് 2018 നവംബറില്‍. കൊറോണ കാലം കാസര്‍കോട് മെഡിക്കല്‍ കോളജ് എന്തായി എന്ന് ചോദിക്കുമ്പോള്‍ തന്റെ വകുപ്പില്‍ നിന്ന് 1500 പോലിസുകാരെ അങ്ങോട്ട് അയച്ചു എന്നാണോ മുഖ്യമന്ത്രി പറയാന്‍ പോവുന്ന മറുപടി?. എന്‍ഡോസള്‍ഫാന്‍ മേഖലയ്ക്ക് അനുവദിച്ച മെഡിക്കല്‍ കോളജ് ആലപ്പുഴക്ക് കൊണ്ടുപോവുകയും അതിന് വായ്പ അനുവദിച്ചതിലൂടെ കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജിന് നബാര്‍ഡ് വായ്പ തടസ്സപ്പെടുകയും ചെയ്തപ്പോള്‍ അണ്ണാക്കില്‍ പിണ്ണാക്ക് കുടുങ്ങിയ ജനപ്രതിനിധികള്‍ ഇപ്പോഴെങ്കിലും ഒന്ന് വാ തുറക്കുമോ?. നാളെ ജില്ലയില്‍ ആരോഗ്യ മേഖലയിലെ ഒഴിവുകള്‍ നികത്താന്‍ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടക്കുകയാണ്. കൊറോണ പ്രമാണിച്ചാണത്. ഡോക്ടര്‍മാരുടെ സംഘടനയുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണെന്ന അവകാശവാദമുണ്ട്. കൊറോണ വന്നില്ലായിരുന്നെങ്കിലോ?.

    അവിവേകം, വിവേക ശൂന്യത, അനുസരണക്കേട് തുടങ്ങിയവ കാസര്‍കോട്ട് പലരുടെയും പാരമ്പര്യ രോഗമാണ്.അതിന് പാര്‍ട്ടി ഭേദമില്ല. ലോക്‌സഭാ തിരഞ്ഞെടപ്പുകാലത്ത് ഇരട്ടക്കൊലപാതകം നടത്താന്‍ കേരളത്തില്‍ മറ്റേത് ജില്ലക്ക് കഴിയും?. ദേശീയ പാതയോരത്ത് പൊതുയോഗം ചേരുന്നതിന്നെതിരേ മഞ്ചേശ്വരം ഹൊസങ്കടിയിലെ വ്യാപാരികള്‍ ഹൈക്കോടതിയില്‍ നിന്ന് സമ്പാദിച്ച വിധി ഉണ്ടെന്നറിഞ്ഞിട്ടും അവിടെ സഖാക്കള്‍ കെട്ടിയ സ്‌റ്റേജില്‍ പ്രസംഗിച്ചതിന്റെ പേരില്‍ എളമരം കരീമിനെതിരേ രജിസ്റ്റര്‍ ചെയ്ത കേസ് മഞ്ചേശ്വരം പോലിസ് സ്‌റ്റേഷനില്‍ ഉണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ പിണറായി വിജയന്‍ പൊതുയോഗത്തില്‍ കത്തിക്കയറുന്നതിനിടയില്‍ സ്‌റ്റേജിന് മുന്നില്‍ നിരത്തിയ കസേരയിലിരുന്ന വനിതകള്‍ ഒന്നടങ്കം എഴുന്നേറ്റുപോയ അനുഭവമുണ്ടായി. ബീഡിക്കമ്പനിയില്‍ നിന്ന് ആ തൊഴിലാളികള്‍ക്ക് കൊടുത്ത സ്ലിപ്പിലെ സമയം പാലിക്കുകയാണ് അവര്‍ ചെയ്തതെന്ന് പിണറായിക്ക് മനസ്സിലായെങ്കിലും പരിപാടി തുടങ്ങാന്‍ വൈകിയതിനനുസരിച്ച് ക്രമീകരണം മാറ്റാന്‍ സഖാക്കള്‍ ശ്രദ്ധിച്ചില്ല.

    അജ്മീര്‍-എറണാകുളം-മരുസാഗര്‍ എക്‌സ്പ്രസില്‍ 2013 ആഗസ്തില്‍ ഭക്ഷ്യ വിഷബാധയേറ്റവരെ ചികില്‍സിച്ചത് കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനിലായിരുന്നു. സന്നദ്ധപ്രവര്‍ത്തനത്തിനെത്തിയ യുവാക്കളില്‍ ചിലര്‍ വിളിച്ചുപറഞ്ഞത് അവരുടെ വാപൊത്തിയാണ് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എയും എ അബ്ദുറഹ്മാനും തടഞ്ഞത്. ചിലര്‍ അങ്ങനെയാണ്. കണ്ടില്ലേ ഒരാള്‍ വിതച്ച കൊറോണ ദുരന്തം. അവരോട് അതേ നാണയത്തില്‍ എന്ന സമീപനം പരിഷ്‌കൃത സമൂഹത്തിനും സര്‍ക്കാരിനും ഭൂഷണമല്ല. എവിടെയാണോ ഏറ്റവും സംസ്‌കരണം ആവശ്യമുള്ളത്, അവിടെ ഒന്നിക്കാം.



Full View



Tags:    

Similar News