കണ്ണൂര്‍: കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിച്ച് ജുമുഅ നമസ്‌കാരം നടത്തിയതിനു പള്ളി കമ്മിറ്റി ഭാരവാഹികള്‍ക്കെതിരേ പോലിസ് കേസെടുത്തു. കണ്ണൂര്‍ പിലാത്തറയിലെ മുസ് ലിം പള്ളി കമ്മിറ്റിക്കെതിരേയാണ് പരിയാരം പോലിസ് കേസെടുത്തത്. നിര്‍ദേശിച്ചതിനേക്കാള്‍ കൂടുതല്‍ ആള്‍ക്കൂട്ടത്തെ പങ്കെടുപ്പിച്ച് വെള്ളിയാഴ്ച ഉച്ചയ്ക്കു നടന്ന പ്രാര്‍ഥനയില്‍ 500ഓളം വിശ്വാസികള്‍ പങ്കെടുത്തെന്നാണ് പോലിസ് ആരോപണം. കഴിഞ്ഞ ദിവസം കണ്ണൂര്‍ ജില്ലാ കലക്ടര്‍ മതസംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ വെള്ളിയാഴ്ച പ്രാര്‍ഥന ഉള്‍പ്പെടെ ജനക്കൂട്ടമുണ്ടാവുന്ന ചടങ്ങുകളും പ്രാര്‍ഥനകളും ഒഴിവാക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കുകയും പാലിച്ചില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും അറിയിച്ചിരുന്നു. ഇത് ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് പള്ളി കമ്മിറ്റിക്കെതിരേ കേസെടുത്തിരിക്കുന്നത്.