സ്‌കൂള്‍ തുറക്കല്‍: മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കണമെന്ന് മന്ത്രിമാര്‍
കോട്ടയം: സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് നിര്‍ദേശം. കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ കൊവിഡ് 19 അവലോകന യോഗത്തിലാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, സഹകരണരജിസ്‌ട്രേഷന്‍ മന്ത്രി വി എന്‍ വാസവന്‍ എന്നിവര്‍ ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്.
സ്‌കൂളുകളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ സാന്നിധ്യം ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കാന്‍ ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കി. പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ ക്വാറന്റയിനില്‍ കൂടുതല്‍ ശ്രദ്ധിക്കണം. കൊവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടെങ്കിലും മരണനിരക്ക് 0.36 ശതമാനം മാത്രമാണ്. കാര്യക്ഷമമായ ചികില്‍സ ഉറപ്പുവരുത്തിയതിന്റെ ഫലമായാണ് മരണനിരക്ക് കുറഞ്ഞതെന്ന് യോഗം വിലയിരുത്തി.
കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട നടപടികള്‍ സംബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, ഡെപ്യൂട്ടി ഡിഎംഒ ഡോ. പി എന്‍ വിദ്യാധരന്‍, ആര്‍സിഎച്ച് ഓഫിസര്‍ ഡോ.സി ജെ സിത്താര എന്നിവര്‍ വിശദീകരിച്ചു. ജില്ലയിലെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ മന്ത്രി സംതൃപ്തി രേഖപ്പെടുത്തി. ജില്ലാ പോലിസ് മേധാവി ഡി. ശില്‍പ, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ റംലാബീവി, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ പി ജയകുമാര്‍, മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ.ടി കെ ജയകുമാര്‍, എഡിഎം ജിനു പുന്നൂസ്, ആര്‍എംഒ ഡോ.ആര്‍ പി രഞ്ജിന്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.