സ്കൂളുകൾ തുറക്കൽ: 17ന് ചേരുന്ന ഉന്നതതല യോഗത്തിൽ തീരുമാനം
തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷമുള്ള കൊവിഡ് വ്യാപനംകൂടി കണക്കിലെടുത്താകും തീരുമാനം.
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാൻ ഉന്നതതല യോഗം ചേരും. ഈമാസം 17ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉന്നതതലയോഗം വിളിച്ചത്. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്, ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാൻ, വകുപ്പ് സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുക്കും. തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷമുള്ള കൊവിഡ് വ്യാപനംകൂടി കണക്കിലെടുത്താകും തീരുമാനം.
എസ്.സി.ഇ.ആർ.ടിയുടെ നിർദേശങ്ങൾകൂടി പരിഗണിച്ച് പൊതുപരീക്ഷയ്ക്ക് തയ്യാറെടുക്കാനാണ് നിർദേശം. ജനുവരി ആദ്യം സ്കൂൾ തുറക്കാനാകുമെന്നും പൊതുപരീക്ഷ യഥാസമയം നടത്താനാകുമെന്നുമാണ് വിദഗ്ധസമിതി നിർദേശിച്ചിട്ടുള്ളത്.
നിലവിൽ 10, 12 ക്ലാസുകളിലെ അധ്യാപകരിൽ പകുതിപ്പേർവീതം 17 മുതൽ സ്കൂളുകളിൽ ഹാജരാകണമെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്. വിദ്യാർഥികൾക്ക് പഠനപിന്തുണ ഉറപ്പാക്കുന്നതടക്കമുള്ള ചുമതലകൾ നിർവഹിക്കാനാണിത്. മറ്റുക്ലാസുകൾ ആരംഭിക്കുന്നത് ഇപ്പോൾ പരിഗണനയിലില്ലെങ്കിലും യോഗത്തിൽ ചർച്ച ചെയ്തേക്കും. അടുത്ത മാസത്തോടെ പത്തിലെയും പന്ത്രണ്ടിലെയും ഡിജിറ്റൽ ക്ലാസുകൾ പൂർത്തിയാക്കാനാണ് തീരുമാനം. സ്കൂൾ തുറക്കുന്നതനുസരിച്ച് പ്രാക്ടിക്കൽ ക്ളാസുകളും റിവിഷൻ ക്ലാസുകളും ആരംഭിക്കാനും നേരത്തേ ആലോചിച്ചിട്ടുണ്ട്.