പയ്യോളി: മുളക് പൊടി വിതറി ഗൃഹനാഥന്റെ പണം കവര്‍ന്നു. സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന തിക്കോടി പാലൂരില്‍ മുതിരക്കാല്‍ മുക്കില്‍ എരവത്ത് താഴെ കുനി സത്യ (50) ന്റെ പണമാണ് തിങ്കളാഴ്ച രാത്രി അപഹരിച്ചത്. പെയിന്റിങ് തൊഴിലാളിയായ സത്യന്‍ നടത്തുന്ന കുറിയുടെ പൈസ അംഗങ്ങളില്‍നിന്ന് വാങ്ങി തിരിച്ചുവരുമ്പോഴാണ് സംഭവം.
വീട്ടിലേക്ക് വരുന്ന വഴിയില്‍ റോഡില്‍ തെരുവ് വിളക്കില്ലാത്ത ഭാഗത്ത് മാസ്‌ക് ധരിച്ച രണ്ടുപേര്‍ തടഞ്ഞുവച്ച്കഴുത്തിന് കുത്തിപ്പിടിച്ച് പോക്കറ്റിലുണ്ടായിരുന്ന 1,80,000 രൂപ കവരുകയായിരുന്നു. മുളക് പൊടി വിതറിയ ശേഷമായിരുന്നു ആക്രമണം. പണം കവര്‍ന്ന ശേഷം ഇവര്‍ രക്ഷപ്പെട്ടു.
കഴുത്തില്‍ കുത്തിപ്പിടിച്ചതില്‍ അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്നു ഏറെ നേരം ശബ്ദം പുറത്തേക്ക് വന്നില്ലെന്നും പിന്നീട് അതുവഴി വന്ന വാഹനയാത്രക്കാര്‍ ഇദ്ദേഹത്തെ കണ്ട് സമീപത്തെ വീട്ടില്‍ കൊണ്ടുപോയി മുഖത്തുണ്ടായിരുന്ന മുളക് പൊടി കഴുകി ബന്ധുക്കളെ വിളിച്ചറിയിക്കുകയായിരുന്നു.
രാത്രി വൈകി കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ ചികില്‍സ തേടിയ ശേഷം പയ്യോളി പോലിസില്‍ പരാതി നല്‍കി. വിരലടയാള വിദഗ്ധരും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ആക്രമിക്കപ്പെട്ട സ്ഥലത്തും ഹെല്‍മറ്റിലും മുളക്‌പൊടി കണ്ടെത്തിയിട്ടുണ്ട്. പയ്യോളി എസ്‌ഐമാരായ എന്‍ സുനില്‍കുമാര്‍, വിമല്‍ ചന്ദ്രന്‍ എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.