ഉമ്മയും മകളും താമസിക്കുന്ന വീടിന് നേരേ കല്ലേറ്: പോലിസ് നിഷ്‌ക്രിയത്വം അവസാനിപ്പിക്കുക- എസ്ഡിപിഐ

മേപ്പയ്യൂര്‍ പോലിസില്‍ ഇവരുടെ അയല്‍വാസികളായ രാജീവന്‍, ബാബു എന്നിവരെ പ്രതിചേര്‍ത്ത് പരാതി നല്‍കിയിരുന്നെങ്കിലും പ്രതികളെ രക്ഷപ്പെടുത്താന്‍ വാര്‍ഡ് മെംബര്‍ ശ്രമിക്കുന്നതുകൊണ്ടാണ് പോലിസ് നടപടി സ്വീകരിക്കാത്തതെന്ന് പരക്കെ ആക്ഷേപമുണ്ട്.

Update: 2020-08-07 11:02 GMT

മേപ്പയ്യൂര്‍: അരിക്കുളത്ത് ഉമ്മയും മകളും മാത്രം താമസിക്കുന്ന വീടിനു നേരെ ആക്രമണം തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും പരാതിയില്‍ പ്രതികളെ പിടികൂടാതെ നിഷ്‌ക്രിയത്വം പാലിക്കുന്ന പോലിസ് നടപടി അപലപനീയമാണെന്ന് എസ്ഡിപിഐ അരിക്കുളം പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. കാരയാട് രണ്ടാം വാര്‍ഡില്‍ തിരുമംഗലത്ത് മീത്തല്‍ പരേതനായ ഹസ്സന്റെ ഭാര്യ ഖദീജയും സഹോദരന്‍ പരേതനായ അബ്ദുല്ലയുടെ പുത്രിയുമാണ് നിരന്തരം ആക്രമണത്തിന് വിധേയരാവുന്നത്.

രാത്രിയിലും പകല്‍ സമയത്തും വീടിന് നേരെ കല്ലെറിയുക, ബാത്ത് റൂം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കുക, വീടിന്റെ മെയിന്‍സ്വിച്ച് ഓഫ് ചെയ്യുക, രാത്രിയില്‍ വാതിലില്‍ അടിക്കുക, വീടിന് നേരെ കല്ലേറ് നടത്തുക ഇങ്ങനെ പലതരത്തിലും ഭീതിപ്പെടുത്താന്‍ തുടങ്ങിയിട്ട് നാലുമാസങ്ങളായി. കഴിഞ്ഞ മെയ് 30 നാണ് മേപ്പയ്യൂര്‍ പോലിസില്‍ ഇതുസംബന്ധമായി കുടുംബം പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം കല്ലേറില്‍ വിദ്യാര്‍ഥിയായ ഫാത്തിമ ഷെറിന്റെ തലപൊട്ടുകയും ഛര്‍ദി വന്നത് കാരണം പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടുകയും ചെയ്തിരുന്നു.

മേപ്പയ്യൂര്‍ പോലിസില്‍ ഇവരുടെ അയല്‍വാസികളായ രാജീവന്‍, ബാബു എന്നിവരെ പ്രതിചേര്‍ത്ത് പരാതി നല്‍കിയിരുന്നെങ്കിലും പ്രതികളെ രക്ഷപ്പെടുത്താന്‍ വാര്‍ഡ് മെംബര്‍ ശ്രമിക്കുന്നതുകൊണ്ടാണ് പോലിസ് നടപടി സ്വീകരിക്കാത്തതെന്ന് പരക്കെ ആക്ഷേപമുണ്ട്. മുസ്‌ലിം കുടുംബത്തെ അവിടെ ജീവിക്കാന്‍ അനുവദിക്കാതെ ഓടിച്ചുവിടാനുമുള്ള തന്ത്രമാണ് ഈ അക്രമങ്ങളെന്നും എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. നിരാലംബരായ ഒരു കുടുംബത്തെ ജീവിക്കാന്‍ അനുവദിക്കാതെ നിരന്തരമായ അക്രമം നടത്തുന്ന പ്രതികള്‍ക്കെതിരേ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാവാതെ പ്രശ്‌നത്തിന്റെ ഗൗരവം ജനശ്രദ്ധയില്‍ കൊണ്ടുവന്നവര്‍ക്കെതിരേ വര്‍ഗീയശക്തികളുടെ ഇടപെടലുകളായി ചിത്രീകരിച്ച് ഒരു കുടുംബത്തിന് കിട്ടേണ്ട നീതി നഷ്ടപ്പെടുത്തരുത്.

നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന ഇത്തരം ശക്തികള്‍ക്കെതിരേ ജാഗ്രതപുലര്‍ത്തണമെന്നും ഇവര്‍ക്കെതിരേ നടപടി സ്വീകരിക്കാത്തപക്ഷം ശക്തമായ പ്രക്ഷോഭനടപടികള്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും എസ്ഡിപിഐ അരിക്കുളം പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു. ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ എന്‍ എം അബ്ദുല്‍ കരിം അധ്യക്ഷത വഹിച്ചു. ഇസ്മയില്‍ അരിക്കുളം, മുഹമ്മത് കാരയാട്, റിയാസ്, അന്‍സാരി, സുബൈര്‍, സഹീര്‍ എന്നിവര്‍ സംസാരിച്ചു. 

Tags:    

Similar News