അനധികൃത ക്വാറിക്കെതിരേ നാട്ടുകാരുടെ പരാതി; വില്ലേജ് ഓഫിസര്‍ സ്‌റ്റോപ്പ് മെമ്മോ നല്‍കി

പ്രവര്‍ത്തി തടയാന്‍ നാട്ടുകാര്‍ സംഘടിക്കുന്നതിനിടെയാണ് കക്കാട് വില്ലജ് ഓഫിസര്‍ സ്ഥലത്തെത്തി ക്വാറി പ്രവര്‍ത്തിക്കുന്നത് തടഞ്ഞുകൊണ്ട് സ്‌റ്റോപ്പ് മെമ്മോ നല്‍കിയത്.

Update: 2022-04-02 12:09 GMT

കോഴിക്കോട്: അനധികൃത ക്വാറിക്കെതിരേ നാട്ടുകാരുടെ നിരന്തര പരാതിയുടെ പശ്ചാത്തലത്തില്‍ വില്ലേജ് ഓഫിസര്‍ സ്‌റ്റോപ്പ് മെമ്മോ നല്‍കി. കാരശ്ശേരി പഞ്ചായത്തിലെ കക്കാട് വില്ലേജില്‍പ്പെട്ട കറുത്ത പറമ്പ് മോലി കാവിലെ സ്വകാര്യവ്യക്തിയുടെ കരിങ്കല്‍ കോറിക്കാണ് കക്കാട് വില്ലജ് ഓഫിസര്‍ സ്‌റ്റോപ്പ് മെമ്മോ നല്‍കിയത്. ക്വാറിയുടെ പ്രവര്‍ത്തനത്തെ തുടര്‍ന്ന് പരിസരത്ത് ഉള്ളവരുടെ വീടുകള്‍ക്ക് വിള്ളല്‍ വീണും കിണറുകള്‍ ഇടിഞ്ഞും ഏറെ ദുരിതത്തില്‍ ആയതിനെ തുടര്‍ന്ന് നിരവധി പരാതികള്‍ പ്രദേശവാസികള്‍ അധികൃതര്‍ക്ക് നല്‍കിയിരുന്നു.

എങ്കിലും അനുകൂലമായ നടപടികളൊന്നും ഉണ്ടായിരുന്നില്ല. ക്വാറിയുടെ പ്രവര്‍ത്തനാനുമതി കഴിഞ്ഞ മാര്‍ച്ചു 31 നു അവസാനിച്ചിരുന്നു. എങ്കിലും നിയമങ്ങളെല്ലാം കാറ്റില്‍പറത്തി വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ക്വാറി പ്രവര്‍ത്തിച്ചിരുന്നതായും ഇത് ചോദ്യം ചെയ്ത പ്രദേശവാസികള്‍ക്കെതിരേ വധഭീഷണി മുഴക്കിയതായും നാട്ടുകാര്‍ പറഞ്ഞു.

പ്രവര്‍ത്തി തടയാന്‍ നാട്ടുകാര്‍ സംഘടിക്കുന്നതിനിടെയാണ് കക്കാട് വില്ലജ് ഓഫിസര്‍ സ്ഥലത്തെത്തി ക്വാറി പ്രവര്‍ത്തിക്കുന്നത് തടഞ്ഞുകൊണ്ട് സ്‌റ്റോപ്പ് മെമ്മോ നല്‍കിയത്. കക്കാട് വില്ലജ് ഓഫിസര്‍ ഇന്‍ ചാര്‍ജ് മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിലാണ് പഞ്ചായത്ത് അധികൃതര്‍ ഉള്‍പ്പെടെയുള്ള സംഘം സ്ഥലത്ത് സന്ദര്‍ശനം നടത്തിയത്. നിയമ പ്രകാരം പാലിക്കേണ്ട ബെഞ്ച് കട്ടിങ് ഉള്‍പ്പെടെയുള്ളവയൊന്നും ഈ ക്വാറിയില്‍ പ്രാവര്‍ത്തികമാക്കിയിട്ടില്ലെന്നും സംഘം പറഞ്ഞു.

Tags:    

Similar News