കെഎസ്ആര്‍ടിസി കെട്ടിടസമുച്ചയ നിര്‍മാണത്തിലെ അഴിമതി: കുറ്റക്കാരെ ശിക്ഷിക്കുക- എസ്ഡിപിഐ

Update: 2021-10-09 07:40 GMT

കോഴിക്കോട്: കെഎസ്ആര്‍ടിസി കോഴിക്കോട് ബസ് സ്റ്റാന്‍ഡ് കെട്ടിടസമുച്ചയ നിര്‍മാണത്തിലെ അഴിമതി അന്വേഷിച്ച് കുറ്റവാളികളെ ശിക്ഷിക്കണമെന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ബിഒടി അടിസ്ഥാനത്തില്‍ 75 കോടിയോളം രൂപ ചെലവില്‍ നിര്‍മിച്ച കെട്ടിടം പൂര്‍ണമായും ഉപയോഗിക്കാന്‍ പോലും ഇതുവരെ സാധിച്ചിട്ടില്ല. കൃത്യമായ മേല്‍നോട്ടവും ശ്രദ്ധയും സര്‍ക്കാര്‍ വകുപ്പുകളുടെ ഭാഗത്തുനിന്നുണ്ടായില്ല എന്നാണ് ഇപ്പോള്‍ മദ്രാസ് ഐഐടി പുറത്തുവിട്ടിരിക്കുന്ന റിപോര്‍ട്ടില്‍നിന്ന് മനസ്സിലാവുന്നത്.

തൂണുകള്‍ക്ക് വിള്ളലും കെട്ടിടത്തിന് ബലഹീനതയും വ്യക്തമായിട്ടും ടൂറിസം മന്ത്രിയുടെ നേതൃത്വത്തില്‍ കെട്ടിടത്തിന്റെ താക്കോല്‍ സ്വകാര്യഗ്രൂപ്പിന് കൈമാറിയത് നിരുത്തരവാദ സമീപനമാണ്. പാലാരിവട്ടം പാലത്തിന് സമാനമായി കെട്ടിടം ബലപ്പെടുത്തുന്നതിന് വന്‍തുക ചെലവഴിക്കേണ്ട സാഹചര്യമാണെന്നാണ് റിപോര്‍ട്ട് സൂചിപ്പിക്കുന്നത്. കച്ചവടക്കണ്ണോടെ ബിഒടി അടിസ്ഥാനത്തില്‍ ഉന്നത നിര്‍മാണങ്ങള്‍ നടക്കുമ്പോള്‍ സര്‍ക്കാര്‍ കൃത്യമായ ഇടപെടലുകള്‍ പോലും നടത്താതെ മാറിനില്‍ക്കുകയാണെന്നാണ് വ്യക്തമാവുന്നത്.

കോടികള്‍ ചെലവഴിച്ചിട്ടും യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ബസ് സ്റ്റാന്‍ഡില്‍ മതിയായ സൗകര്യമൊരുക്കിയില്ലെന്ന് നേരത്തെ പരാതി ഉയര്‍ന്നതാണ്. ബലക്ഷയം കണ്ടെത്താനുള്ള ഐഐടിയുടെ അന്വേഷണത്തെ പോലും പ്ലാനും മറ്റു രേഖകളും നല്‍കാതെ തടസ്സപ്പെടുത്തുന്നതടക്കമുള്ള നീക്കങ്ങള്‍ അന്വേഷിക്കണമെന്നും അഴിമതിക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി അധ്യക്ഷന്‍ വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍ കെ റഷീദ് ഉമരി, വൈസ് പ്രസിഡന്റ് വാഹിദ് ചെറുവറ്റ, സെക്രട്ടറിമാരായ കെ ഷമീര്‍, പി ടി അഹമ്മദ്, മുസ്തഫ പാലേരി സംസാരിച്ചു.

Tags:    

Similar News