അംഗീകാരത്തിന് കൈക്കൂലി; കര്‍ണാടക ബിജെപി സര്‍ക്കാരിനെതിരേ അഴിമതി ആരോപണമുന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ച് 13,000 സ്‌കൂളുകള്‍

Update: 2022-08-27 10:17 GMT

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെതിരേ അഴിമതി ആരോപണമുന്നയിച്ച് 13,000 സ്‌കൂളുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. കര്‍ണാടകയിലെ 13,000 സ്‌കൂളുകളെ പ്രതിനിധീകരിക്കുന്ന രണ്ട് അസോസിയേഷനുകളാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അംഗീകാര സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് കൈക്കൂലി ചോദിക്കുന്നുവെന്ന ഗുരുതര ആരോപണമുന്നയിച്ചിരിക്കുന്നത്. ഇതെക്കുറിച്ച് അന്വേഷിക്കണമെന്നാണ് പ്രൈമറി, സെക്കന്‍ഡറി സ്‌കൂളുകളുടെ അസോസിയേറ്റഡ് മാനേജ്‌മെന്റുകളും രജിസ്റ്റര്‍ ചെയ്ത അണ്‍ എയ്ഡഡ് പ്രൈവറ്റ് സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷനും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെടുന്നത്.

അശാസ്ത്രീയവും യുക്തിരഹിതവും വിവേചനപരവുമായ മാനദണ്ഡങ്ങള്‍ അണ്‍ എയ്ഡഡ് സ്വകാര്യസ്‌കൂളുകളില്‍ മാത്രമാണ് പ്രയോഗിക്കുന്നതെന്നും വന്‍ അഴിമതിയാണ് നിലവിലുള്ളതെന്നും കത്തില്‍ പറയുന്നു. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷിന് ഒന്നിലധികം പരാതികളും നിവേദനങ്ങളും നല്‍കിയിട്ടും യാതൊരു ഫലവുമുണ്ടായില്ല. അതിനാല്‍, വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്നും അസോസിയേഷനുകള്‍ ആവശ്യപ്പെടുന്നു. വിദ്യാഭ്യാസ മന്ത്രാലയത്തിന് മുഴുവന്‍ സംവിധാനത്തിന്റെയും യഥാര്‍ഥ ദയനീയ സാഹചര്യം കേള്‍ക്കാനും മനസ്സിലാക്കാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ക്ഷമയില്ല.

രക്ഷിതാക്കള്‍ക്ക് ഒരു കുട്ടിക്ക് കൂടുതല്‍ ഫീസ് ചെലവാക്കേണ്ട സാഹചര്യമുണ്ടാവുന്നു. പുതിയ അധ്യയന വര്‍ഷം ആരംഭിച്ചിട്ടും സര്‍ക്കാര്‍ നിര്‍ദേശിച്ച പാഠപുസ്തകങ്ങള്‍ ഇപ്പോഴും സ്‌കൂളുകളിലെത്തിയിട്ടില്ല. രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഭാരമാവാതെ പൊതുസ്വകാര്യ സ്‌കൂളുകള്‍ക്ക് പ്രായോഗികമായും ഭൗതികമായും നടപ്പാക്കാന്‍ കഴിയുന്ന കര്‍ശനമായ മാനദണ്ഡങ്ങളും ചട്ടങ്ങളും ഉദാരമാക്കാന്‍ വിദ്യാഭ്യാസ മന്ത്രിക്ക് താല്‍പ്പര്യമില്ല. ആരോപണങ്ങള്‍ പരിശോധിക്കണമെന്നും കര്‍ണാടക വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കാര്യങ്ങളില്‍ അന്വേഷണം നടത്തണമെന്നും സ്‌കൂള്‍ അസോസിയേഷനുകള്‍ പ്രധാനമന്ത്രിയോട് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

Similar News