ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ ഹിജാബ് വിലക്കി വിദ്യാഭ്യാസ വകുപ്പ്

Update: 2023-08-11 17:11 GMT

കൊച്ചി: 99 ശതമാനം മുസ് ലിം വിദ്യാര്‍ഥികളുള്ള ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ ഹിജാബിന് വിലക്കേര്‍പ്പെടുത്തി വിദ്യാഭ്യാസ വകുപ്പ്. ഇന്നലെ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിലാണ് പെണ്‍കുട്ടികള്‍ തല മറയ്ക്കുന്ന തട്ടം ഒഴിവാക്കണമെന്ന ഉത്തരവ് പുറത്തിറക്കിയത്. അഡ്മിനിസ്‌ട്രേഷന്‍ പുറത്തിറക്കിയ പുതിയ യൂനിഫോം കോഡിലാണ് തലമറയ്ക്കുന്നതിനു വിലക്കുള്ളത്. എന്നാല്‍, തലമറയ്ക്കരുതെന്ന് പ്രത്യേകം പറഞ്ഞിട്ടില്ല. പകരം യൂനിഫോമുകളായി ഉപയോഗിക്കുന്ന വസ്ത്രങ്ങളില്‍ തട്ടം ഒഴിവാക്കുകയായിരുന്നു. നേരത്തേ, സമ്പൂര്‍ണ മദ്യനിരോധനമുള്ള ലക്ഷദ്വീപില്‍ അബ്കാരി നയം പരിഷ്‌കരിക്കാനും നീക്കം നടത്തിയിരുന്നു. മദ്യവില്‍പ്പനയ്ക്ക് അനുമതി നല്‍കുന്നതിനായി ജനാഭിപ്രായം തേടിയുള്ള അധികൃതരുടെ നീക്കം പ്രതിഷേധത്തിനു കാരണമാക്കിയതിനു പിന്നാലെയാണ് പുതിയ യൂനിഫോം കോഡില്‍ നിന്ന് ഹിജാബിനെ ഒഴിവാക്കിയത്.


പ്രീ-പ്രൈമറി സ്‌കൂളുകളിലെ ആണ്‍കുട്ടികള്‍ക്ക് ഹാഫ് പാന്റ്, ഹാഫ് സ്ലീവ് ഷര്‍ട്ട്, ടൈ, ബെല്‍റ്റ്, ഷൂ എന്നിവയും പെണ്‍കുട്ടികള്‍ക്ക് പാവാട, ഹാഫ് സ്ലീവ് ഷര്‍ട്ട്, ടൈ, ബെല്‍റ്റ്, ഷൂ എന്നിവയുമാണ് യൂനിഫോം ആയി കാണിച്ചിട്ടുള്ളത്. ആറുമുതല്‍ പ്ലസ്ടു വരെയുള്ള ആണ്‍കുട്ടികള്‍ക്ക് പാന്റും ഹാഫ് സ്ലീവ് ഷര്‍ട്ടുമാണ് യൂണിഫോം. പെണ്‍കുട്ടികള്‍ക്ക് ഡിവൈഡര്‍ പാവാടയും ഹാഫ് സ്ലീവ് ഷര്‍ട്ടും ടൈ, ബെല്‍റ്റ്, ഷൂ തുടങ്ങിയവയാണുള്ളത്. ഇതുസംബന്ധിച്ച ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ രാകേഷ് ദഹിയയാണ് പുറപ്പെടുവിച്ചത്. പൂര്‍ണമായും മുസ് സ് ലിം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ലക്ഷദ്വീപിലെ സ്‌കൂളുകളിലെ ഹിജാബ് ഒഴിവാക്കിയുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിനെതിരെ വന്‍ പ്രതിഷേധം ഉയരുന്നുണ്ട്.

Tags:    

Similar News