ലക്ഷദ്വീപിലെ കുടിയൊഴിപ്പിക്കല്‍ ഭരണകൂട ഭീകരത: റോയ് അറയ്ക്കല്‍

Update: 2024-07-03 06:30 GMT

തിരുവനന്തപുരം: ലക്ഷദ്വീപിലെ കുടിയൊഴിപ്പിക്കല്‍ ഭരണകൂട ഭീകരതയാണെന്നും നടപടി പ്രതിഷേധാര്‍ഹമാണെന്നും എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍. കുടിയൊഴിപ്പിക്കലിനെതിരായ നിയമ നടപടികള്‍ തുടരുന്നതിനിടെ അന്തിമ കോടതി വിധിക്ക് കാത്തുനില്‍ക്കാതെ അഡ്മിനിസ്‌ട്രേഷന്‍ ധൃതിപിടിച്ച് കുടിയൊഴിപ്പിക്കല്‍ നടപ്പാക്കുന്നത് നിയമവാഴ്ചയെ വെല്ലുവിളിക്കലാണ്. സംഘപരിവാര ഭരണകൂടത്തിന്റെ കോര്‍പറേറ്റ് ദാസ്യത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിത്. തദ്ദേശീയരുടെ ഭൂമി തട്ടിയെടുത്ത് കോര്‍പറേറ്റുകള്‍ക്കും ചങ്ങാത്ത മുതലാളിമാര്‍ക്കും ടൂറിസം പ്രമോഷനുവേണ്ടി വീതംവച്ചു നല്‍കാനാണ് കേന്ദ്ര ബിജെപി ഭരണകൂടം നിയമഭേദഗതി നടത്തി കുടിയൊഴിപ്പിക്കലിന് നിയമത്തിന്റെ പിന്‍ബലം നല്‍കിയിരിക്കുന്നത്. ജനവാസമില്ലാത്ത ദ്വീപുകളിലെ ഭൂമി പിടിച്ചെടുക്കലിലൂടെ തുടങ്ങിവച്ച പ്രതിലോമകരമായ നടപടി ഇപ്പോള്‍ ജനവാസ മേഖലയിലേക്കും കടന്നിരിക്കുകയാണ്. 3117 വീടുകളും 431 വ്യാപാര സ്ഥാപനങ്ങളും 70ല്‍പരം ആരാധനാലയങ്ങളും ഉള്‍പ്പെടെ കുടിയൊഴിപ്പിക്കല്‍ ഭീഷണിയിലാണ്. അഗത്തി, കവരത്തി, കല്‍പേനി, ആന്ത്രോത്ത്, മിനിക്കോയ് തുടങ്ങിയ ജനവാസമുള്ള ദ്വീപുകളിലെ 575.75 ഹെക്ടര്‍ ഭൂമിയാണ് ഒഴിപ്പിക്കാന്‍ ഭരണകൂടം ശ്രമിക്കുന്നത്. 3117 വീടുകളില്‍ താമസിക്കുന്ന ആയിരങ്ങളെ പെരുവഴിയിലാക്കാനുള്ള ഭരണകൂടത്തിന്റെ നീക്കം മനുഷ്യത്വവിരുദ്ധമാണ്. നൂറു കണക്കിന് വ്യാപാര സ്ഥാപനങ്ങളെ കുടിയൊഴിപ്പിക്കുന്നതിലൂടെ നിരവധി കുടുംബങ്ങളെയാണ് പട്ടിണിയിലേക്ക് തള്ളിവിടാന്‍ ശ്രമിക്കുന്നത്. തദ്ദേശവാസികളെ പെരുവഴിയിലാക്കുന്ന നടപടികളില്‍ നിന്ന് പിന്‍മാറാന്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനും കേന്ദ്ര ഭരണകൂടവും തയ്യാറാവണമെന്ന് റോയ് അറയ്ക്കല്‍ ആവശ്യപ്പെട്ടു.

Tags:    

Similar News