കൊവിഡ്: കോഴിക്കോട് 18 ഹോട്ട് സ്‌പോട്ടുകള്‍; കര്‍ശന നിയന്ത്രണം
വിനോദ സഞ്ചാര മേഖലകളില്‍ വൈകീട്ട് അഞ്ചിന് ശേഷം പ്രവേശനം നിരോധിച്ചു.
കോഴിക്കോട്: ഏറാമല, തുറയൂര്‍, വില്യാപ്പള്ളി, ചോറോട്, പയ്യോളി, മൂടാടി, കൊയിലാണ്ടി, വടകര, കൂത്താളി, കാക്കൂര്‍, കട്ടിപ്പാറ, അരിക്കുളം, മേപ്പയ്യൂര്‍, കീഴരിയൂര്‍, ചെങ്ങോട്ടുകാവ്, കോഴിക്കോട് കോര്‍പ്പറേഷന്‍, ഉള്ളിയേരി, എടച്ചേരി എന്നീ തദ്ദേശ പ്രദേശങ്ങള്‍ കൊവിഡ് ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ച് നടപടി കര്‍ശനമാക്കി.വിനോദ സഞ്ചാര മേഖലകളില്‍ വൈകീട്ട് അഞ്ചിന് ശേഷം പ്രവേശനം നിരോധിച്ചു.
ജില്ലയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൊവിഡുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കാന്‍ താലൂക്ക് അടിസ്ഥാനത്തില്‍ ഇന്‍സിഡന്റല്‍ കമാണ്ടന്റുമാരെ നിയമിച്ച് ജില്ലാ കലക്ടര്‍ എസ് സാംബശിവറാവു ഉത്തരവിറക്കി. കോഴിക്കോട് താലൂക്കില്‍ സബ് കലക്ടര്‍ ജി പ്രിയങ്ക, വടകരയില്‍ ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കമ്മീഷണര്‍ അനുപം മിശ്ര, താമരശ്ശേരിയില്‍ അസിസ്റ്റന്റ് കലക്ടര്‍ ശ്രീധന്യ സുരേഷ്, കൊയിലാണ്ടി ഡെപ്യൂട്ടി കലക്ടര്‍ അനിതകുമാരി എന്നിവര്‍ക്കാണ് ചുമതല.
ജില്ലയിലെ ബീച്ച്, ഡാം തുടങ്ങിയ അനിയന്ത്രിത വിനോദ സഞ്ചാര മേഖലകളില്‍ വൈകീട്ട് അഞ്ചിന് ശേഷം പ്രവേശനം നിരോധിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. പ്രവേശനം നിയന്ത്രിക്കാന്‍ കഴിയുന്ന വിനോദസഞ്ചാര മേഖലകളില്‍ ഒരേ സമയം 200 ആളുകളില്‍ കൂടുതല്‍ പാടില്ല. പോലിസ് ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. കണ്ടെയ്‌മെന്റ് സോണുകളായി പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ യാതൊരു വിധത്തിലുള്ള കൂടിച്ചേരലുകളും അനുവദിക്കില്ല.
ഹോട്ട് സ്‌പോട്ട് പ്രദേശങ്ങളില്‍ 100 കിടക്കകളില്‍ കുറയാത്ത എഫ്എല്‍ടിസികളും കോര്‍പ്പറേഷനില്‍ സാധ്യമായ എണ്ണവും ഉടന്‍തന്നെ സജ്ജമാക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.
ഓരോ പോലിസ് സ്‌റ്റേഷനിലും ഒരു എസ്‌ഐ തസ്തികയില്‍ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പട്രോളിങ് ടീം രൂപീകരിച്ച് കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും നിര്‍ദേശം നല്‍കി.