ദേവര്‍ കോവില്‍ കെവികെഎംഎം യുപി സ്‌കൂളില്‍ പേപ്പര്‍ വിത്തു പേന പദ്ധതി തുടങ്ങി
കുറ്റിയാടി: ദേവര്‍കോവില്‍ കെവികെഎം യുപി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഇനി പേപ്പര്‍ വിത്തു പേനകള്‍ ഉപയോഗിച്ച് എഴുതി പഠിക്കും. സ്‌കൂളില്‍ നടപ്പിലാക്കുന്ന ക്വിറ്റ് പ്ലാസ്റ്റിക് പെന്‍ പ്രോഗ്രാം പദ്ധതി പ്രകാരമാണ് വിത്തു പേനകള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചത്.
വിദ്യാലയത്തിലെ 1500 ഓളം വിദ്യാര്‍ഥികള്‍ ഉപയോഗം കഴിഞ്ഞ് വലിച്ചെറിയുന്ന പ്ലാസ്റ്റിക് പേനകള്‍ സൃഷ്ടിക്കുന്ന പരിസ്ഥിതി മലിനീകരണം ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സ്‌കൂള്‍ പരിസ്ഥിതി ക്ലബ്ബ് ഇത്തരമൊരു പദ്ധതിയെക്കുറിച്ചാലോചിച്ചത്. പൂര്‍വ വിദ്യാര്‍ഥിയും പ്രവാസിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ സിറാജ് വാഴയില്‍ വിദ്യാര്‍ഥികള്‍ക്കാവശ്യമായ പേപ്പര്‍ വിത്തു പേനകള്‍ സൗജന്യമായി ലഭ്യമാക്കിയതോടെ പദ്ധതി പ്രാവര്‍ത്തികമായി. ഉപയോഗിച്ചുകൊണ്ടിരിക്കുന്നതോ കേടുവന്നതോ ആയ പ്ലാസ്റ്റിക് പേനയ്ക്ക് പകരമായിട്ടാണ് വിദ്യാര്‍ഥികള്‍ക്ക് പേപ്പര്‍ വിത്തു പേന നല്‍കിയത്.
ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരുടെ കൂട്ടായ്മയാണ് ഇതിനാവശ്യമായ പേനകള്‍ നിര്‍മിക്കുന്നത്. ഉപയോഗശേഷം ഉപേക്ഷിക്കുന്ന പേപ്പര്‍ പേനകള്‍ വേഗം മണ്ണില്‍ വിഘടിച്ചു ചേരുമെന്ന് മാത്രമല്ല പ്രകൃതിസംരക്ഷണത്തിന്റെ പുത്തന്‍ നാമ്പുകളായി കിളിര്‍ത്തു വരികയും ചെയ്യും. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് പികെ നവാസ് മാസ്റ്റര്‍ പദ്ധതി ഉല്‍ഘാടനം നിര്‍വഹിച്ചു. സിറാജ് വാഴയില്‍ മുഖ്യാതിഥിയായി. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എംഎ സുഫിറ, പിടിഎ വൈസ് പ്രസിഡന്റ് കെകെ അഷ്‌റഫ്, ഹെഡ്മാസ്റ്റര്‍ എം രാജന്‍, എം പിടിഎ ചെയര്‍പേഴ്‌സണ്‍ സജിഷ, ക്ലബ്ബ് കോഓഡിനേറ്റര്‍ പിവി നൗഷാദ്, വി ലീന, എംപി മോഹന്‍ദാസ്, കെപി മുഹമ്മദ് ശംസീര്‍, ഡൊമനിക് സി കളത്തൂര്‍ സംബന്ധിച്ചു.