ഹിജാബ് നിരോധനം ഭരണഘടനാ വിരുദ്ധവും മൗലികാവകാശ ലംഘനവും: ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി
കോഴിക്കോട്: കര്‍ണാടകയിലെ ചില കാംപസുകളില്‍ മുസ്‌ലിം വിദ്യാര്‍ഥിനികള്‍ ഹിജാബ് ധരിക്കുന്നത് നിരോധിച്ച നീക്കം ഭരണഘടനാ വിരുദ്ധവും കടുത്ത മൗലികാവകാശ ലംഘനവുമാണെന്ന് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി. ഏത് പൗരനും ഇഷ്ടപ്പെട്ട മതം സ്വീകരിക്കാനും അതിന്റെ ആചാരാനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാനും പ്രബോധനം നടത്താന്‍ വരെയും അവകാശമുള്ള മതേതര രാജ്യമാണ് നമ്മുടെ ഇന്ത്യ. രാഷ്ട്രത്തിന്റെ ഭരണഘടന അതിനുള്ള പൂര്‍ണസ്വാതന്ത്ര്യം നല്‍കിയിട്ടുമുണ്ട്.
ഹിജാബ് വിരുദ്ധ നീക്കങ്ങളില്‍ കടുംപിടുത്തം സ്വീകരിച്ച സര്‍ക്കാര്‍, ഫാഷിസത്തിന്റെ സാംസ്‌കാരികാധിനിവേശം നടപ്പാക്കാനുള്ള ഹീനശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സിഖുകാരന്റെ തലപ്പാവും ഹിന്ദുവിന്റെ പൊട്ടും കന്യാസ്ത്രീയുടെ ശിരോവസ്ത്രവും മുസ്‌ലിം സ്ത്രീകളുടെ ഹിജാബുമെല്ലാം രാജ്യത്തെ വൈവിധ്യങ്ങളുടെയും മതേതര മൂല്യങ്ങളുടെയും ചിഹ്നങ്ങളാണ്. അവ അംഗീകരിക്കാനും ഉള്‍ക്കൊള്ളാനുമാണ് ജനാധിപത്യ ഭരണകൂടം തയ്യാറാവേണ്ടത്.
മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമൂഹിക, രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കാനുള്ള ഫാഷിസ്റ്റ് ശക്തികളുടെയും ഇസ്‌ലാമിന്റെ മതകീയവും ധാര്‍മികവുമായ ചൈതന്യങ്ങളുടെ ശോഷണം ആഗ്രഹിക്കുന്ന കമ്മ്യൂണിസ്റ്റ് മതനിരാസ, ലിബറല്‍ ചിന്താഗതിക്കാരുടെയും നീക്കങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. വ്യക്തിരാഷ്ട്രീയ സംഘടനാ ലക്ഷ്യങ്ങള്‍ക്കുവേണ്ടി സ്വസമുദായത്തെ ബലിനല്‍കിയാല്‍ ഇരുലോകത്തും നാം മോക്ഷം പ്രതീക്ഷിക്കേണ്ടതില്ല.
ഇത്തരം വെല്ലുവിളികള്‍ ഉയര്‍ന്നുവരുമ്പോള്‍ മുസ്‌ലിം മതരാഷ്ട്രീയ സംഘടനകള്‍ ആശയത്തിന്റെയും ആദര്‍ശത്തിന്റെയും പേരില്‍ ഭിന്നിച്ചിരിക്കാതെ, കൂട്ടായ ഉദ്യമങ്ങളിലൂടെ സുശക്തമായ കവചം പൊതുശത്രുവിനെതിരേ ഒരുക്കേണ്ടതുണ്ട്. പ്രതിയോഗികള്‍ പതിയിരിക്കുക തന്നെയാണ്. ഇന്നല്ലെങ്കില്‍ നാളെ അവര്‍ നമ്മുടെ കവലയിലുമെത്തും. അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കുക, ഭിന്നിച്ചു പോവരുത്; അപ്പോള്‍ നിങ്ങളുടെ ധൈര്യം ക്ഷയിക്കുകയും വീര്യം നശിച്ചുപോവുകയും ചെയ്യും' (വി.ഖുര്‍ആന്‍ 8:46).- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.