ഹിജാബ് നിരോധനം ഭരണഘടനയോടുള്ള വെല്ലുവിളി; പോരാടുന്ന സഹോദരിമാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി അല്‍ കൗസര്‍ ഉലമാ കൗണ്‍സില്‍

Update: 2022-02-09 05:37 GMT

കോഴിക്കോട്; കര്‍ണാടകയിലെ ഉഡുപ്പി ഗവ: വനിതാ പ്രീ യൂണിവേഴ്‌സിറ്റി കോളജ് അധികൃതര്‍ 11, 12 ക്ലാസ്സ് വിദ്യാര്‍ത്ഥിനികളെ ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ പുറത്താക്കിയ സംഭവം മതേതരമൂല്യങ്ങളുടെ നഗ്‌നമായ ലംഘനവും ഭരണഘടനയോടുള്ള പരസ്യമായ വെല്ലുവിളിയുമാണെന്ന് അല്‍ കൗസര്‍ ഉലമാ കൗണ്‍സില്‍ വ്യക്തമാക്കി. 

അത്യന്തം ഗുരുതരമായ ഈ നീതിനിഷേധത്തില്‍ ശക്തമായ പ്രതിശേധം രേഖപ്പെടുത്തുന്നതോടൊപ്പം സമരഭൂമികയില്‍ പോരാടുന്ന സഹോദരിമാര്‍ക്ക് സമ്പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും സംഘടന അറിയിച്ചു. മതേതരത്വത്തിന്റെ ഈടുവെപ്പുകള്‍ മനോഹരമായി കാത്തുസൂക്ഷിക്കുന്ന ഇന്ത്യയുടെ ബഹുസ്വര പാരമ്പര്യമാണ് ഇവിടെ ചവിട്ടി മെതിക്കപ്പെടുന്നത്. ഭരണഘടന അനുഛേദം 25ല്‍ അനുവദിക്കുന്ന ഇഷ്ടമുള്ള മതം പ്രചരിപ്പിക്കാനും മതാചാരങ്ങള്‍ മുറുകെപ്പിടിക്കാനുമുള്ള പൗരസ്വാതന്ത്ര്യമാണ് ഹിജാബ് നിരോധനത്തിന്റെ മറവില്‍ തടയപ്പെടുന്നത്. ഭരണാധികാരികളും നിയമപാലകരും ഇന്ത്യന്‍ സേനയിലുള്ളവര്‍ പോലും മതകീയ ചിഹ്നങ്ങളും വസ്ത്രങ്ങളും അണിയുന്ന ഈ നാട്ടില്‍ മുസ്‌ലിം സ്ത്രീ അവരുടെ സ്വത്വബോധത്തിലും സുരക്ഷിതത്വ ചിന്തയിലുമൂന്നി ധരിക്കുന്ന ഹിജാബിന് മാത്രം വിലക്കേര്‍പ്പെടുത്തുന്നത് കടുത്ത വിവേചനമാണ്. ഫാഷിസത്തിന്റെ തിമിര ബാധയേറ്റ കര്‍ണാടക വിദ്യാഭ്യാസ വകുപ്പിന്റെ വികലമായ ഈ നയം നിഷ്പക്ഷരായ പൊതുസമൂഹത്തിന്റെ ശക്തമായ വിചാരണക്ക് മുന്നില്‍ അടിയറവു പറയുക തന്നെ ചെയ്യും.

ഹിജാബ് അവകാശ സമരത്തില്‍ ദലിത് സമൂഹമുള്‍പ്പെടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു രംഗത്ത് വന്നത് ശുഭസൂചനയാണ്. കാംപസില്‍ ഉറഞ്ഞുതുള്ളിയ കാപാലികക്കൂട്ടത്തിനു മുന്നിലേക്ക് ഹിജാബ് ധരിച്ച് സധൈര്യം കടന്നുവരുകയും സുധീരം തന്റെ പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്ത മിസ്‌കാന്‍ ഖാന്‍ എന്ന യുവതി മാറുന്ന ഇന്ത്യയുടെ ജ്വലിക്കുന്ന പ്രതീകമാണ്.

സ്റ്റുഡന്റ്‌സ് പോലിസ് കാഡറ്റിന് ഹിജാബ് വിലക്കി കേരള സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ട അവകാശ ലംഘനം തന്നെയാണ്. ഹിജാബും അതുയര്‍ത്തുന്ന വിമോചന പ്രത്യയശാസ്ത്രവും ലോകത്തിന് അപകടമാണെന്ന പാശ്ചാത്യലോബികളുടെ പരാജയപ്പെട്ട വിഷലിപ്തമായ പ്രചരണങ്ങള്‍ ഇന്ത്യന്‍ മണ്ണില്‍ പുതിയ ഭാവത്തില്‍ സ്ഥാപിച്ചെടുക്കാനുള്ള വിഫല ശ്രമങ്ങളാണിതെല്ലാം. മുസ്‌ലിംകള്‍ മാത്രമല്ല, ഭരണഘടനാ മൂല്യങ്ങളെ സ്‌നേഹിക്കുന്ന എല്ലാ മതേതര വിശ്വാസികളും ഈ നീതി നിഷേധത്തിനെതിരെ അതിജീവിക്കാന്‍ ഐക്യബോധത്തോടെ അണിനിരക്കണമെന്നും അല്ലാത്തപക്ഷം ഇന്ത്യയെ ഏകശിലാ സംസ്‌കാരത്തില്‍ ബന്ധിക്കാനുള്ള ഗൂഢനീക്കങ്ങള്‍ക്ക് നാം മൗനാനുവാദം നല്‍കുന്നതിന് തുല്യമായിരിക്കുമെന്നും അല്‍ കൗസര്‍ ഉലമാ കൗണ്‍സില്‍ പ്രസിഡന്റ് മുഫ്തി ഇ എം സുലൈമാന്‍ മൗലവി അല്‍ കൗസരി, വര്‍ക്കിങ് പ്രസിഡന്റ് ഉള്ളാട്ടില്‍ അബ്ദുല്ലത്തീഫ് മൗലവി അല്‍ കൗസരി, ജനറല്‍ സെക്രട്ടറി അബ്ദുറഹീം മൗലവി അല്‍ കൗസരി പത്തനാപുരം എന്നിവര്‍ പ്രസ്താവനയില്‍ സൂചിപ്പിച്ചു.

Tags:    

Similar News