ന്യൂഡല്‍ഹി: കാംപസില്‍ വിദ്യാര്‍ഥികള്‍ ഹിജാബും തൊപ്പിയും ധരിക്കുന്നത് വിലക്കിയ മുംബൈയിലെ സ്വകാര്യ കോളജിന്റെ നടപടി സുപ്രിം കോടതി സ്‌റ്റേ ചെയ്തു. മുംബൈയിലെ എന്‍ ജി ആചാര്യ, ഡികെ മറാത്തേ കോളജിലെ മുസ് ലിം വിദ്യാര്‍ഥിനികള്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് സുപ്രിംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കോളജിന്റെ നിര്‍ദേശങ്ങള്‍ ശരിവച്ച ബോംബെ ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്ത് നല്‍കിയ ഹരജിയിലാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും സഞ്ജയ് കുമാറും അടങ്ങുന്ന ബെഞ്ചിന്റെ നടപടി.
ഹിജാബ്, നിഖാബ്, ബുര്‍ഖ, തൊപ്പി തുടങ്ങിയവ നിരോധിച്ച കോളജ് അധികൃതരുടെ നടപടിയെ മതപരമായ സ്വത്വം വെളിപ്പെടുത്തുന്ന വസ്ത്രധാരണമാണെന്ന് നിരീക്ഷിച്ചാണ് ജൂണ്‍ 26ന് ബോംബെ ഹൈക്കോടതിയുടെ രണ്ടംഗ ബെഞ്ച് ശരിവച്ചത്. ഇതിനെതിരേ സൈനബ് അബ്ദുല്‍ ഖയ്യൂം തുടങ്ങി ഒന്‍പത് വിദ്യാര്‍ഥികളാണ് സുപ്രിം കോടതിയെ സമീപിച്ചത്. വാദം കേള്‍ക്കാന്‍ ഒരു ബെഞ്ചിനെ നിയോഗിക്കാമെന്നും ഉടന്‍ തന്നെ കേസ് പട്ടികയില്‍ പെടുത്താമെന്നും കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിദ്യാര്‍ഥികളുടെ അഭിഭാഷകനെ അറിയിച്ചിരുന്നു. ഒരു വിദ്യാഭ്യാസസ്ഥാപനത്തിന് നിര്‍ദ്ദിഷ്ട അച്ചടക്കം നിലനിര്‍ത്താന്‍ ഉപയുക്തമായ ചില ചട്ടങ്ങള്‍ വിദ്യാര്‍ഥികള്‍ക്കുമേല്‍ നിര്‍ബന്ധമാക്കേണ്ടി വരുമെന്ന വാദം ഉയര്‍ത്തിക്കാട്ടിയാണ് മുംബൈ കോളജിന്റെ ഹിജാബ് നിരോധന നടപടി ബോംബെ ഹൈക്കോടതി ശരിവച്ചത്. വസ്ത്രധാരണ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ അനുഛേദം 19(1) (എ) യ്ക്കു പുറമേ തങ്ങളുടെ മതം ആചരിക്കാനും പ്രചരിപ്പിക്കാനുള്ള മൗലികാവകാശം അനുഛേദം 25 പൗരനു വകവച്ചു നല്‍കുന്നുണ്ടെന്നാണ് ഹരജിക്കാര്‍ വാദിച്ചത്.
വാദത്തിനിടെ കോടതി നിരവധി ചോദ്യങ്ങള്‍ ഉന്നയിക്കുകയുണ്ടായി. വിദ്യാര്‍ഥികളുടെ മതം വെളിപ്പെടുത്താതിരിക്കാനാണ് നിയമം ഏര്‍പ്പെടുത്തിയതെന്ന കോളജ് അധികൃതരുടെ വാദത്തെ, അങ്ങനെയൊരു നിയമം അടിച്ചേല്‍പ്പിക്കരുതെന്നായിരുന്നു ജസ്റ്റിസ് ഖന്നയുടെ മറുപടി.സിന്ദൂരവും തിലകക്കുറിയിടുന്ന ഒരാളെ അനുവദിക്കില്ലെന്ന് നിങ്ങള്‍ പറയുമോയെന്നു കോടതി ചോദിച്ചു. അത് അവരുടെ മതം വെളിപ്പെടുത്തല്ലേ. അവരെ പേരിനു പകരം അക്കങ്ങള്‍ കൊണ്ട് തിരിച്ചറിയാന്‍ നിങ്ങള്‍ ആവശ്യപ്പെടുമോ എന്നും ജസ്റ്റിസ് സഞ്ജയ് കുമാര്‍ ചോദിച്ചു. അവരെല്ലാം ഒരുമിച്ച് പഠിക്കട്ടെയെന്നായിരുന്നു ജസ്റ്റിസ് ഖന്നയുടെ നിരീക്ഷണം.
ഇത് സ്വകാര്യ സ്ഥാപനമാണെന്ന് കോളജിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക മാധവി ദിവാന്‍ പറഞ്ഞപ്പോള്‍ കോളജ് എന്നുമുതലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ജസ്റ്റിസ് സഞ്ജയ് കുമാര്‍ ചോദിച്ചു. 2008 മുതല്‍ നിലവിലുണ്ടെന്ന് അഭിഭാഷകന്‍ മറുപടി നല്‍കി. അപ്പോള്‍ ഇത്രയും വര്‍ഷം നിങ്ങള്‍ നിര്‍ദേശം നല്‍കിയിരുന്നോ എന്നും അതോ പെട്ടെന്നാണോ മതത്തെ കുറിച്ച് നിങ്ങള്‍ക്ക് തോന്നലുണ്ടതെന്നും കോടതി മറുചോദ്യം ഉന്നയിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം ഇത്തരം നിര്‍ദേശങ്ങളുമായി വരുന്നത് കഷ്ടമാണെന്നും കോടതി പറഞ്ഞു. അതിനുശേഷം, 441 മുസ് ലിം വിദ്യാര്‍ഥികള്‍ കോളജില്‍ 'സന്തോഷത്തോടെ' പഠിക്കുന്നുണ്ടെന്നും ഏതാനും മുസ് ലിം വിദ്യാര്‍ഥികള്‍ മാത്രമാണ് എതിര്‍പ്പ് ഉന്നയിച്ചതെന്നും എല്ലായ്‌പ്പോഴും ഹിജാബ് ധരിക്കുന്നവരല്ലെന്നും മാധവി ദിവാന്‍ പറഞ്ഞപ്പോള്‍ പെണ്‍കുട്ടികള്‍ എന്ത് ധരിക്കണമെന്നത് അവളുടെ ഇഷ്ടമല്ലേയെന്നായിരുന്നു ജസ്റ്റിസ് സഞ്ജയ് കുമാറിന്റെ ചോദ്യം. സ്ത്രീകള്‍ എന്ത് ധരിക്കണമെന്ന് പറഞ്ഞ് നിങ്ങള്‍ എങ്ങനെയാണ് അവരെ ശാക്തീകരിക്കുകയെന്നും ജസ്റ്റിസ് ഖന്ന ചോദിച്ചു. വിദ്യാര്‍ഥികളുടെ പശ്ചാത്തലം അധികാരികള്‍ മനസ്സിലാക്കണം. അവരോട് കോളജ് വിടാന്‍ ആവശ്യപ്പെടരുത്. സര്‍ക്കുലര്‍ സ്‌റ്റേ ചെയ്യും. ഇതിനുള്ള പരിഹാരം ശരിയായ നല്ല വിദ്യാഭ്യാസമാണെന്നും ജസ്റ്റിസ് ഖന്ന പറഞ്ഞു.
അതേസമയം, മുഖം മറയ്ക്കുന്ന നിഖാബുകള്‍ ആശയവിനിമയത്തിന് തടസ്സമാണെന്ന് മാധവി ദിവാന്റെ വാദത്തിന് ക്ലാസില്‍ മുഖം മറയ്ക്കുന്ന മൂടുപടം അനുവദിക്കാനാവില്ലെന്നും നിഖാബ് തടയുന്ന നിര്‍ദേശങ്ങളില്‍ ഇടപെടുന്നില്ലെന്നും ബെഞ്ച് വ്യക്തമാക്കി. സ്‌റ്റേ ഉത്തരവ് ആരും ദുരുപയോഗം ചെയ്യരുതെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹരജിക്കാര്‍ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഡോ. കോളിന്‍ ഗോണ്‍സാല്‍വസാണ് വേണ്ടി ഹാജരായത്.